മനസ്സ് നിറയുന്ന പ്രഭാതങ്ങൾ
“ആ എന്താ വാര്യരൂട്ടി… പതിവില്ലാതെ.. ഈ വഴിക്കൊന്നും കാണാറില്ലല്ലോ…”
“പരീക്ഷയൊക്കെ അല്ലേ.. വന്നു തൊഴാമെന്ന് വിചാരിച്ചു..”
“നന്നായി.. പക്ഷെ പരീക്ഷ സമയത്ത് മാത്രം വന്നു ഭഗവാനോട് പ്രാർത്ഥിച്ചാൽ പോരാ.. ദിവസവും രാവിലെ ബ്രാഹ്മമുഹൂർത്തത്തിൽ എണീറ്റ് കുളിച്ചിട്ടു വന്നു തൊഴണം.. ഇപ്പോഴത്തെ കുട്ട്യോളോട് ഇതൊക്കെ പറയാൻ പറ്റുവോ. കടിച്ചു കയറാൻ വരില്ല്യേ ..”
“മൊബൈലിൽ കളിച്ചു നട്ടപാതിരാ വരെ ഉറങ്ങാതെ ഇരിക്കുന്നവരോട് പറഞ്ഞിട്ടെന്താ കാര്യം തിരുമേനി..” തൊഴാൻ വന്ന ബാലേട്ടന്റെ വക ഒരു കൗണ്ടർ..
“ആ കുന്ത്രാണ്ടം കാണുന്നത് തന്നെ എനിക്ക് അറപ്പാണ്.. അതിൽ എന്തോ ഒരു സംഭവം ഉണ്ടല്ലോ. ഇന്നലെ കൊച്ചു മകൾ തൃച്ചംബരം ഉത്സവം കാണിച്ചു തന്നു. കാലത്തിന്റെ ഒരു പോക്കേ..തിക്കും തിരക്കും ഇല്ലാതെ വീട്ടിൽ ഇരുന്നു എപ്പോ വേണെങ്കിലും കാണാം ഉത്സവം.. എന്ത് പറഞ്ഞിട്ടെന്താ ഈ സാധനം കുത്തി കളിക്കുന്നത് കാണുമ്പോൾ തന്നെ എനിക്ക് അങ്ങോട്ട് കയറി വരും..”
“തിരുമേനിക്കും വേണ്ടേ ഒരെണ്ണം.. ഇല്ലത്തേക്ക് വിളിക്കാനും പേര കുട്യോളെ നീലേശ്വരത്തേക്ക് വിളിക്കാനും നല്ലതാ.. മോൾക്ക് ഇടക്കിടയ്ക്ക് അയക്കാലോ കുട്ടികളുടെ ഓരോ കുസൃതികൾ..”
“ഏയ്.. നിക്ക് നടക്കാൻ പറ്റണ കാലം വരെ അവരെയൊക്കെ നേരിട്ട് പോയി കണ്ടോളാം. ഇതിൽ കണ്ടാൽ കുട്യോൾക്ക് മിട്ടായി കൊടുക്കാൻ പറ്റുവോ.. അവരെ എടുത്തു നടന്നു കൊഞ്ചിക്കാൻ പറ്റില്ലല്ലോ.. അതോണ്ട് ഈ കുന്ത്രാണ്ടത്തിൽ സംസാരിക്കാനൊന്നും എന്നെ കിട്ടില്ല.. ഒരു പരിധി കഴിഞ്ഞാൽ ഇതൊക്കെ ഉപദ്രവാ നായരേ..” ബാലേട്ടന് പ്രസാദം കൊടുക്കുന്നതിനിടയിൽ തിരുമേനി ..
അപ്പോഴേക്കും ഞാൻ പ്രദക്ഷിണം വച്ച് മാല കെട്ടുന്ന അച്ഛമ്മയുടെ അടുത്ത് വന്നിരുന്നു..
“ഉണ്ണികുട്ടാ . കിണറ്റിൽ നിന്ന് ഈ മുരുടയിലേക്ക് കുറച്ചു വെള്ളം കോരിയിട്ടു വാ.. ഇതാ ഗണപതിയപ്പന്റെ മാല കെട്ടി കഴിഞ്ഞു.. വെള്ളം കുടഞ്ഞു മണ്ഡപത്തിലെ തൂണിന്റെ അടുത്ത് വച്ചാൽ മേൽശാന്തി ചാർത്തിക്കോളും..”
കിണറ്റിൽ നിന്നും മുരുടയിലേക്ക് വെള്ളം കോരി മാലയിൽ കുടഞ്ഞു തൂണിന്റെ അടുത്ത് വച്ച് ഇറങ്ങുന്ന നേരം..
“അവിടെ നിക്കാ.. ലേശം പായസം ണ്ട് . കൊണ്ടോയിക്കോ.”
തിടപ്പള്ളിയിൽ ഇന്നും ഒരു ചെറിയ ഉരുളി പുറത്തേക്ക് വച്ചു. നേരെ പോയി എടുത്തു പുറത്തു ഗോപുരത്തിൽ വന്നിരുന്നു ഓരോ തവണ രുചിക്കുമ്പോഴും സ്വാദ് കൂടി കൂടി വരുവാണ്.. ശർക്കരയിൽ വരട്ടിയ നെയ്യിൽ കുതിർന്ന നെയ്പായസം..
കഴിച്ചു കഴിഞ്ഞാൽ അമ്പലക്കുളത്തിൽ നിന്നും മുഖവും കഴുകി കിട്ടിയ പ്രസാദം എടുത്തു നേരെ വീട്ടിലേക്ക്..
ഒരുപക്ഷെ ദിവസം തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്. ഓർമയിലെ രാവിലത്തെ “മനസ്സ് നിറയുന്ന പ്രഭാതങ്ങൾ..” ❤️❤️