സ്വപ്നം കണ്ടതെല്ലാം…ഉള്ളം കയ്യില്‍ തൂകി..
രാത്രി അടുക്കളയിൽ ദോശയുണ്ടാക്കുന്ന അമ്മ.. പെട്ടെന്ന് മാളു വന്നു ദോശ മറിച്ചിടുന്നു..
എന്താ ഇന്ന് ഒരു പ്രത്യേക സ്നേഹം. അല്ലേൽ ഈ സമയം ഫോണും കുത്തി കളിച്ചു അടുക്കളയിലേക്കൊന്നും കാണാത്തതാണല്ലോ..
അമ്മേ.. ഞാനൊരു കാര്യം പറഞ്ഞാൽ ചെയ്തു തരുമോ..
ആ… എന്തോ സാധിച്ചെടുക്കാനുണ്ടെന്നു ആ സ്നേഹം കണ്ടപ്പോഴേ തോന്നി .
ഏയ് അതൊന്നും അല്ല.. എനിക്കിത് അച്ഛനോട് നേരിട്ട് പറയാൻ എന്തോ പോലെ..അച്ഛനെപ്പോഴും ഒരേ മൂഡിൽ ആയിരിക്കില്ല.. അമ്മയോട് പിന്നെ എല്ലാം പറയാലോ. ‘അമ്മ അച്ഛന്റെ സമയം പോലെ പറഞ്ഞു സമ്മതിപ്പിച്ചാൽ മതി.
പറ എന്താ കാര്യം..
അത് പിന്നെ.. എനിക്ക് ദുബായിക്ക് പോവാൻ ഭയങ്കര ആഗ്രഹം.
ദുബായിലേക്കോ.. ഒറ്റയ്‌ക്കോ..
ആ അമ്മേ.. ഇന്നത്തെ കാലത്ത് നാട്ടിൽ നിന്നിട്ട് വല്യ പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല.. ഞാൻ അന്വേഷിച്ചപ്പോ ദുബായിൽ പോയാ ഞാൻ പഠിച്ച ഫീൽഡിൽ നല്ല സ്‌കോപ്പാണ്..
ഇതിനൊക്കെ കുറെ പൈസ വേണ്ടേ മാളൂ.. അച്ഛൻ അറിഞ്ഞാൽ ഇതൊക്കെ നടത്തി തന്നത് തന്നെ.. ടിവിയുടെ മുകളിലതാ ഈ മാസത്തെ ബാങ്കിന്റെ കടലാസ്..
ഇല്ല അമ്മേ… പൈസയെ കുറിച്ചൊന്നും ആലോചിച്ച് വിഷമിക്കേണ്ട. ഞാൻ ആർട്ട് ചെയ്തു കിട്ടിയ പൈസയൊക്കെ എന്റെ കയ്യിൽ തന്നെയുണ്ട്. പിന്നെ ട്യൂഷൻ എടുത്ത പൈസ കിട്ടാനുണ്ട്. അതൊക്കെ ഉണ്ടെങ്കിൽ തന്നെ എനിക്ക് ടിക്കറ്റും വിസയും എടുക്കാൻ പറ്റും.
എന്റെ കുട്ടിക്ക് ഇപ്പൊ എന്താ പറ്റിയത്.. ആരോ പറഞ്ഞു പിരി കയറ്റിയിട്ടുണ്ട്.
ഞാൻ ഇപ്പോഴും ചെറിയ കുട്ടി ഒന്നും അല്ലല്ലോ. ഇപ്പൊ കാര്യങ്ങൾ നോക്കിയും കണ്ടും ചെയ്യാൻ കുറച്ചൊക്കെ അറിയാം. എനിക്ക് നാട്ടിൽ നിന്നിട്ട് മതിയായി അമ്മേ. പിന്നെ അവിടെ പോയി ജോലിയൊക്കെകിട്ടിയാൽ അമ്മയേം അച്ഛനേം അങ്ങോട്ട് കൂട്ടാം. അമ്മക്ക് ബുർജ് ഖലീഫ കാണിച്ചു തരാം. എങ്ങനെയെങ്കിലും ഒന്ന് അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കണം..
അപ്പൊ രണ്ടും കല്പിച്ചു തന്നെയാണ് ന്റെ കുട്ടി..
കഴിഞ്ഞ രണ്ടുമാസമായി ഇതിനെ പറ്റി അന്വേഷിക്കുന്നു. നിൽക്കാനുള്ള സ്ഥലവും അവിടെയുള്ള കമ്പനിയും എല്ലാം നോക്കി വച്ചിട്ടുണ്ട്.. അച്ഛന്റെ സമ്മതം മാത്രം മതി.
ഉണ്ടാക്കിയ ദോശ പ്ലേറ്റിൽ എടുത്തു നേരെ ഡൈനിങ്ങ് ഹാളിലേക്ക്..
അപ്പോഴാണ് മുറ്റത്തൊരു ഓട്ടോയുടെ ശബ്ദം കേട്ടത്..
ആ അവരെത്തിയല്ലോ.. നീ തന്നെ നേരിട്ട് അവതരിപ്പിച്ചോ..
വേണ്ട അമ്മേ.. ഇപ്പൊ തന്നെ അവരുടെ മൂഡ് കളയേണ്ടാ.. മെല്ലെ സമയം പോലെ സംസാരിച്ചാ മതി..
രാധികേ .. ഹോട്ടൽ അടക്കാൻ വൈകിയതുകൊണ്ട് ഇന്ന് മീനൊന്നും കിട്ടീല. നീ കുട്ടൻറെ ഓട്ടോയിൽ നിന്നും പച്ചക്കറിയും സാധനം ഒക്കെയെടുത്തു അകത്ത് വയ്ക്ക്.. അവൻ ആകെ ക്ഷീണിച്ചിരിക്കുവാ.. രാവിലെ തുടങ്ങിയ ഓട്ടമല്ലേ..
മാളു.. നീയല്ലേ മൊബൈൽ വേണമെന്ന് പറഞ്ഞത്.. ഇതാ പൈസ.. നാളെ തന്നെ ബാബുവിന്റെ കടയിൽ പോയി പുതിയൊരു ഫോൺ വാങ്ങിക്കോളൂ. ഇനിയാ പൊട്ടി പൊളിഞ്ഞത് ഉപയോഗിക്കേണ്ട..
എന്തിനാ അച്ഛാ ഇവൾക്കിപ്പോളിതൊക്കെ.. ഞാൻ പറഞ്ഞപ്പോ വാങ്ങി തന്നില്ലല്ലോ.. എന്ന് കുട്ടൻ..
അദ്വാനിച്ചുണ്ടാക്കടാ പൈസ.. ഇതെന്റെ മോൾ രണ്ടു വര്ഷം മുന്നേ ഡിഗ്രി ഫസ്റ്റ് ക്ലാസ്സോടെ പാസ്സായ സമയത്ത് വാങ്ങി കൊടുക്കാൻ വിചാരിച്ചതാ.. ഇന്നാണാ അമ്പലത്തിന്റെ കുറി വിളിച്ചു കിട്ടിയത്.. രാധികേ നിനക്കൊരു സാരിയും വാങ്ങിയിട്ടുണ്ട്. കുട്ടാ നീ അല്ലെ നിന്റെ ഓട്ടോയിൽ സ്റ്റീരിയോ വാങ്ങണമെന്ന് പറഞ്ഞത്. ഇതാ പതിനായിരം. ഇനി അതില്ലാത്തതിന്റെ കുറവ് വേണ്ട എന്റെ കുട്ടിക്ക്..
പണ്ട് മുതലേ ഞാനും കുട്ടനും അങ്ങനെയാ അച്ഛൻ ഹോട്ടലിലെ പണി കഴിഞ്ഞു വരുമ്പോ ദൂരെ നിന്നും ചൂട്ട കത്തിച്ചത് കണ്ടാൽ കോലായിൽ വന്നിരിക്കും. കണ്ണും പൂട്ടി കയ്യും നീട്ടി ഒരൊറ്റ ഇരിപ്പാ. കടല മിട്ടായി.. ബാലരമ.. കളിക്കുടുക്ക.. മാമ്പഴം.. അങ്ങനെ ഓരോന്ന് കൊണ്ട് തരും. ആ സ്വാദും ആ കാലവും വല്ലാതെ മിസ് ചെയ്യുന്നുണ്ട്. വലുതായപ്പോഴതൊക്കെ മാറിയെങ്കിലും അതേ രാത്രിയിൽ പ്രതീക്ഷിക്കാതെ ഒരു സമ്മാനം കിട്ടിയപ്പോൾ പെട്ടെന്നാ ചെറുപ്പ കാലത്തേക്കൊന്നു പോയി..
നേരെ മുകളിലെ മുറിയിൽ പോയി.. അപ്പുറത്ത് കുട്ടന്റെ മുറിയിൽ പോയിരുന്നു. അവനോട് കാര്യങ്ങളൊക്കെ പറഞ്ഞു.. ഇനി ആരോടടി കൂടുമെന്നാലോചിച്ചിട്ടായിരിക്കാം അവനും പറഞ്ഞത് കേട്ടപ്പോൾ തന്നെ സങ്കടായി. കാണുമ്പോ കീരിയും പാമ്പും ആണേലും ആ കുരങ്ങൻ കഴിഞ്ഞിട്ടേ ഉള്ളൂ എനിക്കാരും.
“അച്ഛനു നിന്നെ കുറിച്ച് നല്ല പ്രതീക്ഷയുണ്ട്.. എന്നെ പോലെയല്ല.. അച്ഛൻ സമ്മതിക്കും നോക്കിക്കോ..” അവൻ പറഞ്ഞു..
കേട്ടപ്പോ കുറച്ചു സമാധാനമായെങ്കിലും മുറിയിൽ കിടന്നിട്ട് ഉറക്കം വന്നില്ല.. ‘അമ്മ അച്ഛനോട് പറഞ്ഞിട്ടുണ്ടാവുമോ.. ഇനീപ്പോ ഇന്ന് തന്നെ പറഞ്ഞാൽ അച്ഛന് സങ്കടം കൂടില്ലേ.. അല്ലേൽ അമ്മയോട് പറയണ്ടായിരുന്നു. ഓരോന്ന് ആലോചിച്ചു തിരിഞ്ഞും മറഞ്ഞും കിടന്നു.. എന്നിട്ടും രക്ഷയില്ല.. രാവിലെ വരെ ജനാലയുടെ പുറത്തേക്ക് നോക്കി നക്ഷത്രങ്ങളോട് സംസാരിച്ചും ഓരോന്ന് ആലോചിച്ചും സമയം കൂട്ടി.
നേരെ താഴെയുള്ള മുറിയിൽ…
നോക്ക്..
മ്മ്
ഇങ്ങോട്ട് നോക്ക്
എന്താ
എനിക്കൊരു കാര്യം പറയാനുണ്ട്..
എന്താ രാധികേ..
നമ്മുടെ മോൾക്കൊരാഗ്രഹം..
അതെന്താ.. അവൾ ആരെയെങ്കിലും കണ്ടു വച്ചിട്ടുണ്ടോ..
അതാണേൽ കുറച്ചു സമാധാനമായേനെ.. ഇതിപ്പോ.
നീ പറ രാധികേ..
മോൾക്ക് ദുബായിൽ പോവാനൊരു ആഗ്രഹം. അവൾക്ക് നാട്ടിൽ നിന്നിട്ടൊരു പ്രയോജനവുമില്ലെന്നാ പറയണേ..
രാധികേ…!! എന്നിട്ട് നീ എന്ത് പറഞ്ഞു..
ഞാൻ അച്ഛനോട് ചോദിച്ചിട്ട് പറയാമെന്നു പറഞ്ഞു..
അതിപ്പോ ഈ പ്രായത്തിലൊക്കെ… ഒറ്റയ്ക്ക്…ഒന്നുടെ ആലോചിച്ചിട്ട് പോരെ അവൾക്ക്..
അവളെല്ലാം നോക്കി വച്ചിട്ടുണ്ട്.. പോകാനുള്ള പൈസ പോലും അവളുടെ കയ്യിലുണ്ടെന്നാ പറയുന്നത്. പണ്ട് കൊറോണ ടൈമിൽ അവൾ കേക്ക് ഉണ്ടാക്കിയപ്പോ കിട്ടിയതും പിന്നെ എന്തോ ക്രാഫ്റ്റോ എന്തോ കുന്തം ഉണ്ടാക്കാറില്ലേ അതിലൊക്കെ കിട്ടിയ പൈസയും പിന്നെ ട്യൂഷന്റെ പൈസ അങ്ങനെ എല്ലാം എടുത്തു വച്ചത് കാരണം പൈസയ്ക്ക് ബുദ്ധിമുട്ടില്ല എന്നാണ് പറഞ്ഞത്..
കണ്ടോ.. അവളെന്റെ മോളാ.. നിന്റെ മോനോടും കണ്ടു പഠിക്കാൻ പറ.. എന്നാലും അവൾ വേറൊരു രാജ്യത്തേക്ക് പോകുന്നു എന്ന് പറയുമ്പോഴൊരു സങ്കടം. ബാംഗ്ലൂരോ എറണാകുളമൊക്കെയാണേൽ എനിക്കിടയ്ക്കിടയ്‌ക്കൊന്നു പോയി കാണാമായിരുന്നു.. ഇതിപ്പോ പാസ്സ്പോര്ട്ടും ഇല്ല വിസയും ഇല്ല..
അതിപ്പോ എടുക്കാലോ.. നമുക്കും പോവാം ദുബായിലേക്ക് നാട് കാണാൻ..
ആ നിന്റെ മോനോട് പറ നിന്നെ കൊണ്ടുപോവാൻ.. ദുബായ് കാണാൻ എന്റെ മോളുടെ കൂടെ ഞാൻ ഒറ്റയ്ക്ക് പോയിക്കോളാം.. എനിക്ക് ഉറപ്പാണ് രാധികേ.. എവിടെ പോയാലും അവൾ നല്ല നിലയിലെത്തും.. ചായക്കടക്കാരൻ രാഘവന്റെ മകൾ ദുബായിലാണെന്നു നാലാളോട് പറയുമ്പോ കിട്ടുന്ന ഒരു സുഖം ഉണ്ട്.. ഒരു അന്തസ്സുണ്ട്.. എന്തായാലും ആരും രാധികയുടെ മകൾ എന്നൊന്നും പറയില്ല .. കാരണം അവൾ എന്റെ മോളാ..
അതെ..അതെ… ഇപ്പൊ അച്ഛനും മോളും ഒന്നിച്ചു..നമ്മൾ പുറത്ത്..
അവളോട് സമ്മതിച്ചു പറ..
ഹാവൂ.. സമാധാനമായി അല്ലേൽ നാളെ എന്തൊക്കെ കാണേണ്ട വന്നേനെ..
ഞാനിപ്പോ തന്നെ പോയി പറയണോ മോളോട്..
സമയം ഒരുമണിയായി. രാവിലെയാവട്ടെ.. ഞാൻ തന്നെ പറഞ്ഞോളാം..
ഈ ആഴ്ച തന്നെ അവൾക്ക് കൊടുക്കാൻ കുറച്ചു പൈസ ഒപ്പിക്കണം.. പത്താം ക്ലാസ് മുതൽ നമ്മളോടൊരു പൈസക്ക് പോലും ചോദിക്കാറില്ലല്ലോ.. പക്ഷെ ഈ സമയം നമ്മളല്ലേ അവളെ സഹായിക്കേണ്ടത്.. എത്രയൊക്കെ പൈസയുണ്ടെന്ന് പറഞ്ഞാലും അവിടെ നമ്മുടെ നോട്ട് അല്ലല്ലോ.. എന്തായാലും നോക്കട്ടെ എന്തേലും വഴി കാണാതിരിക്കില്ല..
അന്ന് രാത്രി മുകളിലെ മുറിയിൽ കിടന്ന മോൾക്കും താഴെ മുറിയിൽ കിടന്ന അച്ഛനും അമ്മയ്ക്കും ഉറക്കം വന്നില്ല. അല്ലേലും അച്ഛനെയും അമ്മയെയും വിട്ടു ദൂരദേശത്തേക്ക് പോകുന്നവരേക്കാൾ ടെൻഷൻ കൂടുതൽ വീട്ടിലുള്ളവർക്കാണ്.. പക്ഷെ പുറത്തു കാണിക്കുന്നില്ലന്നേ ഉള്ളൂ..
പിറ്റേന്നു രാവിലെ മാളു വളരെ നേരത്തെ എഴുന്നേറ്റു താഴേക്ക് വന്നു.
എന്താ ന്റെ കുട്ടിക്ക് ഇന്ന് പതിവില്ലാത്തൊരു ശീലം.. കുളിച്ചു അമ്പലത്തിലേക്കാണോ..
കളിയാക്കണ്ട മ്മേ.. അല്ലേലും ഞാൻ പോവാറുണ്ടല്ലോ.. എന്തോ മനസ്സ് ശരിയല്ല . പിന്നെ ദുബായ് പോകുന്ന കാര്യം അച്ഛനോട് ഞാൻ തന്നെ പറഞ്ഞാലുള്ള അവസ്ഥ ആലോചിച്ചുള്ള ടെൻഷൻ വേറെ. ഞാൻ വേഗം പോയി തൊഴുതിട്ട് വരാം..
ന്നാ പിന്നെ എന്റെ കുട്ടി തൊഴുത്തിട്ട് വരുമ്പോ ഭഗവാനോടൊരു നന്ദി പറഞ്ഞോ.. അച്ഛൻ സമ്മതിച്ചു..
ശരിക്കും ? അമ്മേ ശരിക്കും പറ…
ആ ഒരു വിധത്തിൽ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്..
ഓടി വന്നു അമ്മയെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തു.. “എന്റെ പുന്നാര അമ്മ”..
ശ്യേ ഞാൻ കുളിച്ചിട്ടൊന്നും ഇല്ല കുട്ട്യേ . നീ അമ്പലത്തിലേക്ക് പോകുന്നതല്ലേ..
അതൊന്നും സാരല്യ.. ഭഗവാനോട് ഞാൻ സോറി പറഞ്ഞോളാം.. എന്നാൽ ഞാൻ പോയി തൊഴുതിട്ട് വരട്ടെ.. വരുമ്പോ അച്ഛനെ കണ്ടിട്ടേ വരൂ. അവിടുന്ന് കുടിച്ചോളാം ചായ..
വരുമ്പോ കുട്ടനും എനിക്കും എന്തെങ്കിലും പൊതിഞ്ഞെടുത്തോളൂ.. എന്നാൽ എനിക്ക് ആ മല്ലിക ചേച്ചിയുടെ തുണി ഇന്ന് തന്നെ തയ്ച്ചു കൊടുക്കായിരുന്നു..
ഓ ആയിക്കോട്ടെ..
പതിവില്ലാത്തൊരു സന്തോഷമായിരുന്നു അന്ന് രാവിലെ.. ‘അമ്മ പറയുന്നത് വരെ എന്തോ ഒരു വിഷമമാണെങ്കിലും കേട്ടപ്പോ മനസ്സ് മാറി.. വഴിയിലെ ഇലയോടും പൂക്കളോടും സംസാരിച്ചു നേരെ അമ്പലത്തിലെത്തി. ഭഗവാനോടെല്ലാം ഭംഗിയാക്കി തരാൻ പറഞ്ഞു പ്രസാദം വാങ്ങാൻ വന്നു നിന്നു.
ന്താ കുട്ട്യേ.. നല്ല സന്തോഷത്തിലാണല്ലോ..
അത് പിന്നേ…
ന്താ.. കല്യാണം വല്ലതും ശരിയായോ..
തിരുമേനിക്കെപ്പോ കാണുമ്പോഴും ഇത് മാത്രേ ചോദിക്കാനുള്ളൂ.. ഇത് അതൊന്നുമല്ല. ഞാൻ ആഗ്രഹിച്ചൊരു കാര്യം ഭഗവാൻ നടത്തി തന്നിട്ടുണ്ട്. എല്ലാം ശരിയായിട്ട് പറയാം.. എന്നും പറഞ്ഞു പ്രസാദം വാങ്ങി നേരെ അച്ഛന്റെ ഹോട്ടലിലേക്കോടി..
അച്ഛന്റെ ചായക്കട വളരെ പഴയതാ.. വല്യമ്മയുടെ പേരാ ചായക്കടയ്ക്ക് “ഹോട്ടൽ രാധാസ്”.. അച്ചാച്ചൻ നടത്തികൊണ്ടിരുന്നതാ..അതിപ്പോ അച്ഛനേറ്റെടുത്തു, കയറുമ്പോ തന്നെ നല്ല ശബ്ദത്തിൽ ആകാശവാണി കേൾക്കാം കൂടെ ചന്ദനത്തിരിയുടെ വാസനയും. വര്ഷങ്ങളായി അടുക്കളയിലും വിളമ്പാനും സഹായിക്കുന്നത് മാധവൻ മാമനാണ്. അച്ഛൻ കൃത്യം 5 മണിക്ക് കട തുറക്കും.വീട്ടിലെ തിരക്കൊക്കെ കഴിഞ്ഞാൽ അമ്മയും വരും. പാൽക്കാരനും, പത്രക്കാരനും, മീൻകാരനും, ഓട്ടോക്കാരും പിന്നെ ദൂരംവഴി പോകുന്നവരെ കൊണ്ട് ചായക്കട നിറയും . ഇന്നും പുകയടുപ്പിലാണ് പാചകം. ചിരട്ടയിൽ മണ്ണെണ്ണ നനച്ച തുണി തിരുകി തീ കൊളുത്തും ” കുറച്ചു പുക കൊണ്ടാലെന്താ കഴിക്കുന്നവരുടെ മനസ്സ് നിറയുന്നുണ്ടല്ലോ..” എന്നാണ് മാധവൻ മാമന്റെ പക്ഷം..
അച്ഛാ..
ഹാ അച്ഛന്റെ തമ്പുരാട്ടി രാവിലെ തന്നെ വന്നല്ലോ.. എന്താ നല്ല സന്തോഷത്തിലാണല്ലോ..
ദാ ചന്ദനം.. ഹോട്ടലിൽ ചായ പരിപാടി റെഡിയാക്കുന്ന അച്ഛന് നെറ്റിയിൽ തൊട്ടു കൊടുത്തു.
‘അപ്പൊ പോവാണല്ലേ..
അതെ അച്ഛാ.. അച്ഛനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു.. മോളുടെ ആഗ്രഹത്തിന് കൂടെ നിൽക്കുന്ന അച്ഛന് ഇതിൽ കൂടുതൽ എന്താ വേണ്ടത്..
ഏയ് മാളു എന്താ ഇത്.
ഏയ് ഒന്നുമില്ല. എനിക്ക് അച്ഛന്റെ കൈകൊണ്ട് ഉണ്ടാക്കിയൊരു ചൂട് ചായ വേണം. എന്നും പറഞ്ഞു നേരെ അടുക്കളയിലേക്ക് കയറി ചൂട് പുട്ടും കടലയും ഒരു പ്ലേറ്റ് എടുത്തു.
മാധവൻ മാമാ.. ഞാൻ പോവാട്ടാ ദുബായിക്ക്..
മാളൂട്ടി.. ഇതെപ്പോ.. എപ്പോഴാ പോകുന്നത്..
മിക്കവാറും ഈ മാസം തന്നെ പോവും. കാര്യങ്ങളൊക്കെ ശരിയായി വരുന്നുണ്ട്..
സന്തോഷായി മോളെ.. എന്തായാലും പോയി ജോലിയൊക്കെ ചെയ്തു വല്യ ആളായി തിരിച്ചു വാ..
അച്ഛന്റെ കൈകൊണ്ട് ഉണ്ടാക്കിയ ചൂട് സ്പെഷ്യൽ ചായയും എടുത്ത് നേരെ പുറത്തെ മേശയിൽ വന്നിരുന്നു..
അമ്പലത്തിലൊക്കെ പോയിട്ടുണ്ടല്ലോ എന്താ മോളെ പിറന്നാളാണോ ഇന്ന്.. ചായ ഊതി ഊതി കുടിക്കുന്ന തെങ്ങു കയറുന്ന നാരാണേട്ടന്റെ വക ആദ്യത്തെ ചോദ്യം..
പിറന്നാളൊന്നും അല്ല നാരായണാ.. എന്റെ മോൾക്ക് ഒരു സന്തോഷ വാർത്ത.
ആഹാ… മോളുടെ കല്യാണം ശരിയായോ രാഘവാ..
ഏയ് ഇതതൊന്നും അല്ല. അതിനൊന്നും ഞാൻ അവളെ നിര്ബന്ധിക്കില്ല.. അവൾക്ക് എപ്പോ കെട്ടണം തോന്നുന്നു അന്ന് ഞാൻ കെട്ടിക്കും.ഇത് എന്റെ മോൾ ദുബായിലേക്ക് പോകുകയാണ് .. ഒരു ജോലി ശരിയായിട്ടുണ്ട്.
അങ്ങനെ പറ.. ദുബായി ന്ന് തിരിച്ച് വരുമ്പോ നാരായണേട്ടന് ഒരു കുപ്പിയൊക്കെ കൊണ്ട് തരില്ലേ മോളേ..
അവൾ ഒന്ന് അവിടെ എത്തട്ടെ നാരായണാ.. എന്നിട്ട് പോരെ നിന്റെ കുപ്പിയൊക്കെ..
ഓ ഒരു തിരക്കുമില്ല.. എന്നാലും കേട്ടപ്പോൾ ഭയങ്കര സന്തോഷായി.. ചെറുപ്പത്തിൽ എടുത്തു നടന്ന കുട്ടിയല്ലേ ഇത്.. നന്നായി വരട്ടെ..
ആ ഒരു കുഴപ്പമേ മാളൂന് ഉള്ളൂ എന്ന് അച്ഛൻ പറഞ്ഞപ്പോ എല്ലാവരും പൊട്ടിച്ചിരിച്ചു…
ആ പിന്നെ അച്ഛാ… അമ്മയ്ക്കും കുട്ടനും ഭക്ഷണം വേണം.. അമ്മയ്ക്ക് മല്ലികേച്ചിയുടെ തുണി തയ്ക്കാനുണ്ടെന്നു പറഞ്ഞു.
അപ്പൊ ഇന്ന് അവളെ നോക്കേണ്ട.. മാധവാ.. രണ്ടു പ്ലേറ്റ് ദോശ പാർസൽ.. വീട്ടിലേക്കാ..
ഓ ഇപ്പൊ റെഡിയാക്കാമെന്നു പറഞ്ഞു പാർസൽ വാങ്ങി നേരെ വീട്ടിലേക്ക്..
നാട് വിട്ടു പോകുന്ന സന്തോഷത്തേക്കാൾ… വിട്ടുപോകുന്നവരുടെ മുഖമാണ് മനസ്സ് മുഴുവനും. എത്രയൊക്കെ സമ്പാദിച്ചാലും എവിടെയൊക്കെ പോയാലും സ്വന്തക്കാരും ബന്ധുക്കാരും തന്നെയാണ് നമ്മുടെ ശക്തി….
അടുത്ത ദിവസം രാവിലെ തന്നെ കുട്ടന്റെ കൂടെ ടിക്കറ്റും വിസയുമെടുക്കാൻ അവന്റെ സുഹൃത്തിന്റെ ട്രാവൽ ഏജൻസിയിൽ പോയി. പത്ത് ദിവസത്തിനുള്ളിൽ വരുമെന്ന് പറഞ്ഞെങ്കിലും ഒരാഴ്ച കൊണ്ട് തന്നെ ഏറെ കാലമായി മനസ്സിൽ കൊണ്ട് നടന്ന ദുബായ് വിസ കയ്യിലെത്തി. കൂടെ ഒരാഴ്ചക്കുള്ളിലുള്ള ഒരു ടിക്കറ്റും എടുത്തു. എണ്ണി നോക്കുമ്പോൾ വിമാനം കയറാൻ കൃത്യം 6 ദിവസം. അടുക്കുംതോറും പോകുന്നതിന്റെ സങ്കടം മനസ്സിൽ കൂടുന്നുണ്ടെങ്കിലും പുറത്ത് കാണിച്ചില്ല.
വരുന്ന വഴിക്ക് ജ്യൂസ് കടയിൽ നിർത്തിയോരോ ഇളനീർ ജ്യുസും വാങ്ങി ഓട്ടോയിൽ ഇരുന്നു കുടിക്കുമ്പോൾ ഞാൻ വെറുതേ അവനോട് പറഞ്ഞു..
കുട്ടാ.. ഡാ.. എനിക്ക് എല്ലാവരേം വല്ലാതെ മിസ് ആവൂല്ലൊ.
അതെന്താ മോളൂസേ ഇപ്പൊ അങ്ങനെ ഒരു സംസാരം..
അല്ല ഡാ.. എനിക്കീ നാടും വീടും അമ്പലവും നിങ്ങളെയും വിട്ടു പോവാനും തോന്നുന്നില്ല.. പക്ഷെ ഇവിടെ നിന്നിട്ട് എവിടെയും എത്താനും പോണില്ല.. രണ്ടും കൽപ്പിച്ചെടുത്ത തീരുമാനം ആണ്.. പോയി നോക്കാ ല്ലേ..
മോളേ.. അച്ഛനും അമ്മയ്ക്കും നിന്നിലാണ് മുഴുവൻ പ്രതീക്ഷയും അതുകൊണ്ട് നിന്റെ ആഗ്രഹങ്ങൾ ഏതറ്റവും പോയി സാധിച്ചു തരാൻ അവർ പരമാവധി ശ്രമിക്കുന്നുണ്ട്.
ഡീ ഒരു കാര്യം നിന്നോട് പറയേണ്ടെന്നു പറഞ്ഞു.. എന്നാലും എനിക്ക് നീ അതറിയണം എന്നൊരു തോന്നൽ..
അതെന്താ..
ഞാനും അച്ഛനും ഇന്നലെ ഉച്ചക്ക് അമ്മയുടെ മാല പണയം വയ്ക്കാൻ പോയിരുന്നു.. നിനക്ക് പോവാനുള്ള പൈസ തരാനാണെന്നാ പറഞ്ഞേ ..
അയ്യോ.. അതെന്തിനാ ‘അമ്മ കൊടുത്തേ.. പൈസ എന്റെ കയ്യിലുണ്ടെന്നു ഞാൻ ആദ്യമേ പറഞ്ഞതാണല്ലോ..
നിന്റടുത്ത് പൈസയൊക്കെ ഉണ്ടോ.. കാര്യം പറ..
അതല്ലേ ഉണ്ടെന്നു പറഞ്ഞത്.. ഇല്ലേൽ ആവശ്യം ഉണ്ടേൽ കൂടെ പഠിച്ചവരൊക്കെയുണ്ട് അവിടെ.. അവരോട് ചോദിച്ചോളാം..
ഏയ് അതൊന്നും വേണ്ട…നിനക്ക് അവിടെ എന്തെങ്കിലും ആവശ്യത്തിന് പൈസ ഇല്ലാതെ ബുദ്ധിമുട്ടിയാൽ ഒന്ന് സഹായത്തിന് ആരെയും കാണില്ലെന്നാ അച്ഛൻ പറഞ്ഞത്. അതുകൊണ്ട് തരുന്നതൊക്കെ മിണ്ടാതെ വാങ്ങി വച്ചോ.. സ്റ്റീരിയോ വാങ്ങാൻ തന്ന പൈസ ഞാൻ തരാം.. എനിക്കതില്ലേലും കുഴപ്പമൊന്നും ഇല്ല. നിന്റെ കാര്യം നടക്കട്ടെ..
കുടിച്ച ജ്യുസിന്റെ സ്വാദ് കൊണ്ടാണോ അവൻ പറഞ്ഞത് കേട്ടിട്ടാണോ അറിയില്ല.. കുറച്ചു കാലമായി ഉള്ളിൽ കിടന്നൊരു ചൂട് ഇറങ്ങിയ പോലെ തോന്നി. ശരിയാ.. എൻ്റെ ഏതാഗ്രഹങ്ങൾക്കും ഒറ്റകെട്ടായി നിൽക്കുന്ന അച്ഛനെയും അമ്മയെയും അനിയനെയും കിട്ടിയതാണ് എന്റെ ഭാഗ്യം.
ജ്യൂസ് കുടിച്ചില്ലേ.. വേറെന്തെങ്കിലും വേണോ കഴിക്കാൻ..
ഏയ് വേണ്ട.. എനിക്കൊരു ആഗ്രഹം കൂടിയുണ്ട്.
അതെന്താ..
എനിക്ക് കടൽ കാണണം..
അതിനെന്താ പോവാലോ.. പൈസ കൊടുത്തിട്ട് വരട്ടെ..
അച്ഛൻ വിളിച്ചാലോ..
അതൊക്കെ ഞാൻ പറഞ്ഞോളാം…
ഇത്രയും കാലം ഒരു സിനിമക്കോ ടൗണിലോ അല്ലേൽ വേറെ എവിടേക്കാണെങ്കിലും കൂടെ കൊണ്ടുപോവാത്ത അവന്റെ ഭാഗത്ത് നിന്നും ഇങ്ങനൊരു മറുപടി ഞാൻ പ്രതീക്ഷിച്ചില്ല.. പാവം ഇനി ആരാണ് അവന്റെ ഷർട്ട് ഇസ്തിരി ഇട്ട് കൊടുക്കുക.. റൂം വൃത്തിയാക്കി കൊടുക്കുക.. അതെ..അവനും എന്നെ മിസ്സ് ചെയ്യാൻ പോവാണ്..
മണലാരണ്യങ്ങളിലേക്ക് പോകുന്നു എന്ന തോന്നലിലാണ് ഒരുപക്ഷെ എനിക്ക് നാട്ടിലെ കടൽ കാണാനുള്ള ആഗ്രഹം വന്നത്. ഇറങ്ങി പോയി തിരമാലകളൊക്കെ തലോടി. ഒരു പക്ഷെ തിരിച്ചു വന്നു ഇതൊക്കെ വീണ്ടും കാണാൻ രണ്ടു വര്ഷമെങ്കിലും എടുക്കും.
കുറച്ചു നേരം കടലും നോക്കി തിരയെണ്ണിയപ്പോ മനസ്സൊക്കെ ഒന്ന് ശാന്തമായി. ഒരുപാട് ആലോചനകളിൽ മുഴുകി ഇരിക്കുമ്പോൾ ഇതുപോലെ വന്നിരുന്നു തിരയെണ്ണുന്നത് ചൂടേറ്റ മനസ്സിനെ തണുപ്പിക്കാൻ സഹായിക്കാറുണ്ട്.
നിമിഷ നേരം കൊണ്ട് പോവേണ്ട ദിവസമിങ്ങെത്തി. സാധനങ്ങളും പാക്ക് ചെയ്തു പോകുന്നതിനായുള്ള കാത്തിരിപ്പ്. അച്ഛനോടും അമ്മയോടും കുട്ടന്റെ ഓട്ടോയിൽ എയർപോർട്ടിലേക്ക് വരണമെന്ന് ആദ്യമേ പറഞ്ഞിരുന്നു. രാത്രിയായിരുന്നു ഫ്ലൈറ്റ് സമയം. അതുകൊണ്ട് തന്നെ ഉച്ചക്ക് ഭക്ഷണം കഴിക്കാനുള്ള സമയമുണ്ട്. മാമനും മാമിയുമൊക്കെ യാത്രയയക്കാൻ വന്നിട്ടുണ്ട്. അച്ഛൻ അന്ന് കട അവധിയാക്കി ഉച്ച ഭക്ഷണത്തിനുള്ള ഒരുക്കങ്ങൾക്കായി അമ്മയെ സഹായിക്കുകയാണ്. കുട്ടൻ ഓട്ടോ തുടച്ചു കുട്ടപ്പനാക്കി എയർപോർട്ടിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലും..പെട്ടിയൊക്കെ റെഡിയാക്കി ഉച്ച ഭക്ഷണം കഴിക്കാനായി താഴെ വന്നു .
മാളൂ ഫ്ലൈറ്റ് എത്ര മണിക്കാ.. മാമൻ ചോദിച്ചു..
8 മണിക്കാണ് മാമാ..
അപ്പൊ ഒരു 5 മണിക്ക് എത്തിയാൽ മതി.
അതെ പക്ഷെ ബ്ലോക്ക് ഒക്കെ ഉണ്ടെങ്കിൽ ലേറ്റ് ആവേണ്ടല്ലോ അതാ ഇത്തിരി നേരത്തെ ഇറങ്ങുന്നത്.
പാസ്സ്പോര്ട്ടും ടിക്കറ്റും എല്ലാം എടുത്തു വച്ചില്ലേ..
എല്ലാം ഹാൻഡ്ബാഗിലുണ്ട്..
അങ്ങനെ നാട്ടിൽ നിന്നുള്ള അവസാനത്തെ ഭക്ഷണം കഴിക്കാനായി എല്ലാവരും ചുറ്റും ഇരുന്നു.
‘അമ്മ വാ എന്റെ കൂടെ ഇരിക്ക്..
അപ്പൊ ആരാ ഇതൊക്കെ വിളമ്പുന്നത്..
എല്ലാം വിളമ്പി എല്ലാവര്ക്കും ഒരുമിച്ചിരുന്നു കഴിക്കാം..
അമ്മേ എനിക്ക് കുറച്ചു ചോറ് വാരി തരുമോ..
ഇനി അതിന്റെ കുറവേ ഉള്ളൂ..
താ അമ്മേ…
അവസാനം അമ്മയുടെ കയ്യിൽ നിന്നും മൂന്നു ഉരുള വാങ്ങി കഴിച്ചപ്പോ സന്തോഷായി.. ഇനി എപ്പഴാ ഇങ്ങനെയൊക്കെ..
പക്ഷെ ആരും ഒന്നും മിണ്ടുന്നില്ല.. കൂടെയിലുള്ളവരുടെ മൂകത കൂടി കൂടി വരുന്ന പോലൊരു തോന്നൽ. .
കൈ കഴുകി അമ്മയുടെ കയ്യിലെ തോർത്തിൽ മുഖം തോർത്തി നേരെ റൂമിൽ പോയി ഒന്നും മറന്നു പോയിട്ടില്ലെന്ന് ഉറപ്പു വരുത്തി. അപ്പോഴേക്കും ‘അമ്മ വന്നു ഇത് അച്ഛൻ തരാൻ പറഞ്ഞതാണെന്ന് പറഞ്ഞു ഒരു കവർ കയ്യിൽ തന്നേല്പിച്ചു. ശരിയാ അവിടെ പോയിട്ടാരോടും ചോദിക്കേണ്ടല്ലോ.. തന്നതെല്ലാം ഓർമയിലുണ്ട്. ജോലിയൊക്കെ കിട്ടിയിട്ട് വേണം ഇതിന്റെ ഇരട്ടിയായി തിരിച്ചു കൊടുക്കാൻ..
കയ്യിലെ ബാഗിലെല്ലാം ഒരുക്കി വച്ച് താഴെ വരുമ്പോഴേക്കും എല്ലാവരും തയ്യാറായി നിന്നിരുന്നു..
വല്യ പെട്ടി കുട്ടൻ ഓട്ടോയുടെ ഡിക്കിയിൽ വച്ച് കാത്തു നിൽക്കുന്നുണ്ട്. ‘അമ്മ വീടിന്റെ പിറകിൽ നിന്നും വാതിലും പൂട്ടി വരുന്നുണ്ട്. അച്ഛൻ മുഖത്തേക്ക് നോക്കുന്നില്ല. ധൈര്യ കുറവായിരിക്കാം..
മാളൂ.. എയർപോർട്ടിൽ നിന്നും ആരെങ്കിലും എന്തെങ്കിലും പൊതിയൊക്കെ തന്നാൽ വാങ്ങിക്കരുത് ട്ടാ.. കുടിക്കാൻ വെള്ളം തന്നാലും വാങ്ങിക്കരുത്… പിന്നെ കയ്യിലുള്ള ബാഗ് സൂക്ഷിക്കണം.. ചുറ്റും കള്ളന്മാരായിരിക്കും. കുറഞ്ഞ ശബ്ദത്തിൽ അച്ഛൻ..
ആ അച്ഛാ.. അത് ഞാൻ ശ്രദ്ധിച്ചോളാം..
‘അമ്മ ആദ്യം കയറി പിന്നെ ഞാൻ അതിനു ശേഷം അച്ഛൻ.. വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെ രണ്ടുപേരുടെയും നടുവിൽ ഇരുന്നു പോകുന്നത്.ഒന്നാമത് അച്ഛനെ അപൂർവമാണ് ഇങ്ങനെ കിട്ടുന്നത്. അങ്ങനെ മാമനോടും മാമിയോടും ടാറ്റ പറഞ്ഞു യാത്ര നേരെ എയര്പോര്ട്ടിലേക്ക്.
പോകുന്ന വഴിയിലാണ് ന്റെ ചിറക്കൽ കൃഷ്ണന്റെ ക്ഷേത്രം പുറത്തു നിന്നും തൊഴുതു ഭണ്ഡാരത്തിൽ പൈസയും ഇട്ടൊരു ഫ്ലയിങ് കിസ്സും കൊടുത്തു യാത്ര പറഞ്ഞു നേരെ എയർപോർട്ടിലേക്ക്…
അപൂർവമായി മനസ്സിൽ തരിപ്പ് കയറുന്ന നിമിഷം. ഇതുവരെ സ്വന്തക്കാരുടെ ചിറകിനടിയിൽ ജീവിച്ച മാളു… ഇന്നാദ്യമായി സ്വന്തം ചിറകിൽ പറക്കാൻ ശ്രമിക്കുകയാണ്.
ബ്ലോക്കും കഴിഞ്ഞു എയർപോർട്ട് റോഡിലെത്തിയപ്പോൾ അഞ്ചു മണി കഴിഞ്ഞിരുന്നു.
കുട്ടാ.. ഇവിടുന്നൊരു ചായ കുടിക്കാം. ഇനി മാളു കഴിക്കണേൽ രാത്രിയാവും..
ചായക്കടയിൽ നിർത്തി ചായ കുടിക്കുമ്പോഴും അച്ഛനും അമ്മയും കുട്ടനും ഒന്നും സംസാരിക്കുന്നില്ല.. എന്തൊക്കെയോ പറയണമെന്ന് വിചാരിച്ചെങ്കിലും ആർക്കും ഒന്നും സംസാരിക്കേണ്ട. ചായ കുടിച്ചു വീണ്ടും യാത്ര എയർപോർട്ടിലേക്ക്..
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ ഒരു നിമിഷം അനുഭവിച്ചു തന്നെ അറിയണം. നമ്മുടെ കൂടെയുള്ളവർ തന്നെ നിശ്ശബ്ദരാവുന്ന സമയം. എയര്പോര്ട്ടിലെത്തി വലിയ ബാഗ് പുറത്തു വച്ചപ്പോ കുട്ടൻ.
ഇവിടെ പാർക്കിങ്ങില്ല.. ന്നാ ശരി.. എന്റെ മോൾ പോയിട്ട് വാ.. എന്നും പറഞ്ഞു കെട്ടിപിടിച്ചു ഒരൊറ്റ ഓട്ടം..
അയ്യോ അവനെ കാണണമെങ്കിൽ രണ്ടു വര്ഷം കഴിയണമല്ലോ എന്ന ചിന്തയിൽ കരച്ചിലിപ്പോ പൊട്ടും.. എന്നാലും ഞാൻ പിടിച്ചു നിന്നു..
ഒരു പത്ത് മിനുട്ട് നിന്നപ്പോ.. ചെക്കിൻ തുടങ്ങിയെന്നു കേട്ടു..
അമ്മയെ കെട്ടി പിടിച്ചു… പോയിട്ട് വരാ ട്ടാ..
പിന്നെ അച്ഛനെ കെട്ടി പിടിച്ചപ്പോ ചായക്കടക്കാരൻ രാഘവൻ പൊട്ടി കരഞ്ഞു. കൂടെ ഞാനും അമ്മയും..
ശരിയാ.. ആ മനുഷ്യന്റെ നിഴൽ കണ്ടാൽ പോലും പേടിച്ചിരുന്നൊരു കാലമുണ്ടായിരുന്നു.. ആ അച്ഛനാണ് മോൾ ഏഴുകടൽ കടന്നു വിട്ടു പോകുന്നെന്നറിഞ്ഞപ്പോൾ പൊട്ടി കരഞ്ഞത്. പലപ്പോഴുമെല്ലാം ഉള്ളിലൊതുക്കി വയ്ക്കുന്ന മനുഷ്യർക്കാണ് അവസാനം കയ്യിന്നു പോവുന്നത് .. അതൊക്കെ കണ്ണീരായി പുറത്തേക്ക് വരുന്നുണ്ടെങ്കിലെത്ര വിഷമിക്കുന്നുണ്ടാവും.. പക്ഷെ നന്ദനത്തിൽ പറയുന്ന പോലെ ചെറിയ സങ്കടങ്ങൾ വല്യ സന്തോഷത്തിനു കാരണമാകുന്നുണ്ടെങ്കിൽ നല്ലതല്ലേ…
ബാഗും ട്രോളിയിൽ കയറ്റി ഹാൻഡ്ബാഗ് മുകളിൽ വച്ച് പാസ്സ്പോര്ട്ടും വിസയും കയ്യിൽ പിടിച്ചു ടാറ്റ പറഞ്ഞു അകത്തേക്ക്..
ടിക്കെറ്റ് കാണിച്ചപ്പോ ചെക്കിൻ കൗണ്ടർ കാണിച്ചു തന്നു.. ആദ്യായിട്ട് പോകുന്നതാണേലും എല്ലാം യൂട്യൂബ് നോക്കി പഠിച്ചിട്ടുണ്ട് .. അച്ഛൻ തന്ന പൈസ കൗണ്ടറിൽ നിന്നും ദിർഹമാക്കി മാറ്റാൻ മറന്നില്ല…
ബാഗും കൊടുത്തു ചെക്കിങ്ങും കഴിഞ്ഞപ്പോ രണ്ടു മണിക്കൂറിനുള്ളിൽ ഫ്‌ളൈറ്റ് എടുക്കുമെന്ന് കണ്ടു..
വാഷ്‌റൂമിൽ പോയി തിരിച്ചു വരുമ്പോളൊരു ഷോപ്പിൽ ചായ കണ്ടു. ഓർഡർ ചെയാൻ നോക്കിയപ്പോൾ ആ പൈസയ്ക്ക് അച്ഛന്റെ കടയിൽ ഒരു മാസം ചായ കുടിക്കാം. ചായ ക്യാൻസൽ ചെയ്തു കിട്ടിയ സീറ്റിൽ പോയി ഫ്ലൈറ്റിനു കാത്തിരുന്നു..
ആൾക്കാർ വന്നുകൊണ്ടേ ഇരിക്കുന്നുണ്ട്. ആരുടെ മുഖത്തുമൊരു സന്തോഷമില്ല എന്നതാണ് ഞാനാദ്യം ശ്രദ്ധിച്ചത്.. എന്നെ പോലെ ജോലി നോക്കാനും.. കിട്ടിയ ജോലിയിൽ തിരിച്ച് കയറാനും പിന്നെ ചിലർ മക്കളുടെയടുത്തേക്കും. ഫാമിലി അച്ഛന്റെ അടുത്തേക്കും അങ്ങനെ പലരുമുണ്ട് ഫ്ലൈറ്റിലേക്ക്..
പറഞ്ഞ സമയം തന്നെ എയർ ഹോസ്റ്റസ് വന്നു ഓരോരോ ഘട്ടം ഘട്ടമായി നമ്പർ വിളിച്ചു ഓരോരുത്തരെ ഫ്ലൈറ്റിലേക്ക് കയറ്റുന്നുണ്ട്..
എന്റെ സീറ്റ് നമ്പറായപ്പോൾ ക്യുവിൽ പോയി നിന്നു. ടിക്കറ്റും പാസ്സ്പോര്ട്ടും കാണിച്ചു നേരെ ഫ്ലൈറ്റിലെക്കുള്ള യാത്ര.. ആദ്യത്തെ യാത്ര.. മാളുവിന്റെ സ്വപ്‌നങ്ങൾ നേടിയെടുക്കാനുള്ള ആദ്യത്തെ കാൽവെപ്പ്.. ഐശ്വര്യമായി വലതുകാൽ വച്ച് ഫ്‌ളൈറ്റിൽ കയറി.
ഹാൻഡ്ബാഗ് മുകളിൽ വച്ച് സീറ്റ് പിടിച്ചു. സൈഡ് സീറ്റ് കിട്ടിയത് കൊണ്ട് കാഴ്ചകൾ കാണാൻ പറ്റി. എയർപോർട്ടിന്റെ പുറത്തൊക്കെ വന്നിട്ടുണ്ടെങ്കിലും ആദ്യായിട്ടാണകത്തെ കാഴ്ചകൾ കാണുന്നത്.
എയർഹോസ്റ്റസ് എന്തൊക്കെയോ കാണിക്കുന്നുണ്ട്. സേഫ്റ്റി കാര്യങ്ങളാണെന്ന് അപ്പുറത്തുള്ള ചേച്ചി മക്കൾക്ക് പറഞ്ഞു കൊടുത്തപ്പോഴാ മനസ്സിലായത്. എല്ലാവരും സീറ്റ് ബെൽറ്റ് ഇട്ടെന്നുറപ്പായപ്പോൾ ഫ്ലൈറ്റ് റിവേഴ്‌സ് എടുത്തു.. തിരിച്ചു റൺവേയിൽ കയറി സ്പീഡ് കൂട്ടി ഒരൊറ്റ പറക്കലാണ്.. ശ്വാസം മുക്കാലും പോയെങ്കിലും എനിക്ക് പേടിയായി. എന്നാലും എല്ലാ ധൈര്യവും സംഭരിച്ചു കണ്ണടച്ച് പിടിച്ചു നിന്നു.
ആകാശത്തേക്ക് കുതിച്ച ഫ്ലൈറ്റ് കുറച്ചു കഴിഞ്ഞു നേരെ നിന്നപ്പോഴാണ് ശ്വാസം വീണത്.. പിന്നെ എല്ലാവരും ബെൽറ്റൊക്കെ മാറ്റി ഇറങ്ങി നടക്കാൻ തുടങ്ങി. പക്ഷെ ഞാൻ മാത്രം പേടി കാരണം കണ്ണടച്ചിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് എയർ ഹോസ്റ്റസ് തട്ടി വിളിച്ചത്. കയ്യിലൊരു ബോക്സും വാട്ടർ ബോട്ടിലും തന്നു. അതിലാണെങ്കിൽ ഒരു പാക്കെറ്റ് ബിസ്കറ്റ് പിന്നെ ഒരു കേക്കൊക്കെയുണ്ട് . നല്ല വിശപ്പ് കാരണം കിട്ടിയപ്പോ തന്നെ മുഴുവൻ തീർത്തു. വെള്ളവും കുടിച്ചു വീണ്ടും കണ്ണും പൂട്ടി കിടന്നു. ആകാശനീലിമയിൽ മേഘങ്ങളെ വെട്ടിച്ചു പോകുന്ന വിമാനയാത്രയിലെവിടെയോ ഞാൻ മയങ്ങിപോയി. സീറ്റ് ബെൽറ്റിടാനുള്ള അറിയിപ്പിലായിരുന്നു പിന്നീട് ഞാൻ ഞെട്ടിയത്..
ഉറക്കപ്പിച്ചിൽ നിന്നും എണീറ്റ് താഴേക്ക് നോക്കിയപ്പോൾ വാഹനങ്ങളുടെ ചുവന്ന പ്രകാശവും റോഡിലെ മഞ്ഞ ബൾബുകളും മാത്രമേ കാണാനുള്ളൂ.. ഇരുട്ടിൽ കാണുന്നതാണേലും കടലും നിറം മാറിയിട്ടുണ്ട്. ഇതാണ് പണിയെടുക്കുന്നവന്റെ ചോര നീരാക്കുന്നവന്റെ ഗൾഫ്. നല്ല പോലെ പണിയെടുത്തു
പൈസയുണ്ടാക്കിയിട്ട് വേണം ആഗ്രഹങ്ങളൊക്കെ ഓരോന്നായി നേടിയെടുത്തു വീട്ടുകാരെയിങ്ങോട്ട് കൂട്ടി കൊണ്ടു വരാൻ. അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോ മരുഭൂമിയോടടുത്തു കൊണ്ടേ ഇരുന്നു. ഫ്ലൈറ്റ് താഴാൻ തുടങ്ങി. അതെ പലരുടെയും സ്വപ്ന നഗരമായ ദുബൈയുടെ മണ്ണിലേക്ക് പറന്നിറങ്ങി..
ഇറങ്ങിയെങ്കിലും വീണ്ടും നീങ്ങി നീങ്ങി ഒരു സ്ഥലത്ത് വിമാനം പാർക്ക് ചെയ്തപ്പോൾ ഓരോരുത്തരായി സീറ്റ് ബെൽറ്റ് മാറ്റി എഴുന്നേൽക്കാൻ തുടങ്ങി. എത്തിയത് രാത്രിയായത് കാരണം പുറമേയൊന്നും കാണാനില്ല. ഇറങ്ങി നടന്നു നടന്നു ചെക്കിങ്ങൊക്കെ കഴിഞ്ഞു നേരെ പുറത്തേക്ക്..
രാത്രിയാണെങ്കിലും നല്ല ചൂടായിരുന്നു. എയർപോർട്ടിലെ ഫ്രീ വൈഫൈയിൽ എത്തിയെന്നു വീട്ടിലും വരുന്നുണ്ടെന്ന് റൂം ഏർപ്പാടാക്കി തന്ന ആളോടും അറിയിച്ചു.
വലിയൊരു തിരക്കിന് ശേഷം പ്രീപെയ്ഡ് ടാക്സിയിൽ കയറി റൂമിന്റെ ലൊക്കേഷൻ കാണിച്ചു. . കൊച്ചിയിൽ നിന്നും മാറിയ ദിർഹമുള്ളത് കാരണം ഉപകാരമായി. പെട്ടിയുമെടുത്ത് ഡിക്കിയിലിട്ടു യാത്ര നേരെ റൂമിലേക്ക്..
ടാക്സിക്കാരനോരോന്ന് ചോദിക്കുന്നുണ്ട്. എനിക്കാണേൽ ഈ ടെൻഷനിൽ ഒന്നും സംസാരിക്കാനും തോന്നുന്നില്ല.
“You from Kerala?”
“Yes… Kerala.”
“You Malabari?”
“Yes.”
“Too much Malabaris here. I’m from Pakistan… Karachi. You know Karachi?”
“Yes.”
“How many years you here?”
“First time…”
“First time in Dubai? Masha Allah… You try… get job and enjoy here. I pray for you.”
“Okay… thank you.”
പേര് ‘മുഹമ്മദ്’ എന്ന് സ്‌ക്രീനിൽ കാണുന്നുണ്ട് പക്ഷെ എന്റെ ഉള്ളിലെ രാജ്യസ്നേഹം പുറത്തു ചാടിയത് കൊണ്ടാണോ അറിയില്ല എനിക്കാണെങ്കിൽ ആളോട് തീരെ സംസാരിക്കാനും തോന്നുന്നില്ല.
വലിയ മാളിക പോലെയുള്ള കെട്ടിടങ്ങളുടെ നടുവിലൂടെ യാത്ര നേരെ ഷാർജ ഭാഗത്താണെന്നാണ് അയാൾ പറഞ്ഞത്. ഇങ്ങനെ ഓരോന്ന് ചോദിക്കുന്നത് കേട്ടപ്പോഴെങ്ങനെയേലും എനിക്ക് റൂമിലെത്തിയാൽ മതിയെന്ന ചിന്തയായി.
മുക്കാൽ മണിക്കൂർ യാത്രയ്ക്ക് ശേഷം ബിൽഡിങ്ങിനു താഴെയെത്തിയെന്നു അയാൾ പറഞ്ഞു. ടാക്സി സൈഡിൽ പാർക് ചെയ്തു ബാഗെടുത്തു പുറത്തേക്കിറങ്ങിയെങ്കിലും വേറെ വഴിയില്ലാത്ത കാരണം ടാക്സിക്കാരന്റെ ഫോണിൽ നിന്നും റൂം ഓണറെ വിളിച്ചു.
ഇന്ത്യ പാകിസ്ഥാൻ യുദ്ധം ഒക്കെ നടക്കുന്നത് കാരണം അദ്ദേഹം ഫോൺ തരുമോ എന്നൊരു സംശയം ഉണ്ടായിരുന്നെങ്കിലും ചോദിച്ചപ്പോ തന്നെ ഫോൺ തന്നു. പത്ത് മിനുട്ടിനുള്ളിൽ വരുമെന്ന് പറഞ്ഞപ്പോഴും ടാക്സിക്കാരൻ ഒരു പരിചയക്കാരനെ പോലെ കൂടെ തന്നെ നിന്നു.
“How much ?”..
see 34 dirham .. സ്ക്രീൻ കാണിച്ചിട്ട് പറഞ്ഞു..
50 ദിർഹം പേഴ്സിൽ നിന്നും എടുത്തു കൊടുത്തു.. 16 ദർഹം തിരിച്ചു തന്നു.
“You eat food?”
“No…”
“Come… I buy for you. You look very tired.”
“No, no… I will eat later.” എന്ന് പറഞ്ഞെങ്കിലും ആള് ഓക്കേ പറഞ്ഞു ഫോണും എടുത്തു അപ്പുറത്തേക്ക് പോയി..
അഞ്ചു മിനുട്ട് കഴിഞ്ഞപ്പോ ഒരു കവർ കൊണ്ട് തന്നു. തുറന്നു നോക്കിയപ്പോൾ ഒരു ബർഗറും കുടിക്കാൻ കൊക്കകോളയും..!!
“Eat… don’t wait hungry.”.. എന്നും പറഞ്ഞു പോക്കെറ്റിൽ കൈ ഇട്ടു നിന്നു.
ഇതെന്തു മറിമായം.. അഞ്ചു മിനുട്ട് മുന്നേ വരെ ഉണ്ടായിരുന്ന രാജ്യസ്നേഹം എവിടെയോ അലിഞ്ഞു പോയി..
ഇതാണ് ഞാൻ സ്വപ്നം കണ്ട നഗരം. ഇതൊക്കെ കണ്ടപ്പോ ക്ഷീണം കാരണം വാടിയ മനസ്സൊന്നു തണുത്തു..
“You Now happy?”
“Yes… happy. Thank you.”
“I also have daughter… same same like you. Don’t worry.”
എന്നും പറഞ്ഞു ചിരിച്ചു.. വേഗം ഫോണിൽ നിന്നും മകളുടെ ഫോട്ടോയും കാണിച്ചു തന്നു..
“She is cute.”
“Yes… my one child. Two years no leave. Next month going home.”.. . എന്നും പറഞ്ഞു..
കോഴിക്കോട് നിന്നും ചായയും ബോണ്ടയും കഴിച്ചതാണ്.. അതിന്റെ എനെർജിയൊക്കെ നേരത്തെ തീർന്നു.. അപ്പോഴാണ് ഇങ്ങനെയൊരു മറിമായം..
ആൾ കുറച്ചു മാറി നിന്ന് ആരെയോ വിളിക്കുമ്പോഴേക്കും കിട്ടിയ ഭക്ഷണം മുഴുവൻ ഞാൻ കഴിച്ചു തീർത്തു.. വിശക്കുന്നവന് ഭക്ഷണം തരുന്നവർ ദൈവമാണ് എന്ന് കേട്ടിട്ടുണ്ട്. ഒരു അയൽരാജ്യക്കാരനു ദൈവമാവാനും പറ്റുമെന്ന പാഠമാണ് ദുബായിൽ ഇറങ്ങിയപ്പോഴാദ്യം എന്നെ പഠിപ്പിച്ചത്..
“You need more? I will buy.”
“No, no… thank you.” എന്നും പറഞ്ഞു കൊക്കക്കോള കുടിച്ചു തീർത്തു.
“I will call him.”
“Bhai kidhar hai? Kitna time wait karega aapko?”
“Mushkil nahi… theek hai bhai…”
“He coming in five minutes… sorry… 5 minutes.”
“Okay.”
പത്ത് മിനുട്ട് നിന്നപ്പോൾ റൂമിന്റെ ആള് വന്നു. എന്റെ പെട്ടിയെടുത്തു പോകുമ്പോ ടാക്സി ഡ്രൈവർക്ക്, അല്ല “മുഹമ്മദ് ഭായിക്ക്” ഈ സ്നേഹം ഒരിക്കലും മറക്കില്ല അതിനു വലിയൊരു താങ്ക്സ് പറഞ്ഞു അദ്ദേഹത്തെ വിട്ടയച്ചു. നാട്ടിലെ പോലെ “വീണ്ടും കാണാം” എന്ന് പറഞ്ഞെങ്കിലും അത് ഇവിടെ സംഭവിക്കുന്ന ഒന്നല്ല എന്നത് വളരെ വൈകിയാണ് ഞാൻ മനസിലാക്കിയത്.
റൂം ഓണർ എന്റെ ബാഗും ഉരുട്ടി എന്നെയും കൂട്ടി ലിഫ്റ്റിലേക്ക് നടന്നു. സെക്കൻഡ് ഫ്ലോറിലാണ് മുറി. രാത്രി പതിനൊന്നു മണിയായെങ്കിലും നഗരം ഇനിയും ഉറങ്ങിയിട്ടില്ല. ബെല്ലടിച്ചു റൂമിലെ ഒരു ചേച്ചിയെ ആള് പുറത്തേക്ക് വിളിച്ചു.. എന്നെ കാണിച്ചു പുതിയ ആളാണെന്നു പരിചയപ്പെടുത്തി. മാത്രമല്ല നാട്ടിൽ നിന്നും വന്നിറങ്ങിയ ആളാണ് വേണ്ടത് പോലെ നോക്കണമെന്നും പറഞ്ഞു. ‘ടീക്കെ’ എന്നും പറഞ്ഞു മുറിയിലേക്ക് കൂട്ടി വന്നു..
4 ബങ്കർ ബെഡാണ് റൂമിൽ.. അതിൽ ഒന്നിലെ മുകളിലെ ബെഡാണ് എനിക്ക് കിട്ടിയത് .. സൈഡിലെ ഒരു കമ്പിയിൽ പിടിച്ചു വേണം കയറാനും ഇറങ്ങാനും.. ഇന്നിനി അതൊന്നും നോക്കാൻ സമയമില്ല.. ഡ്രെസ്സും എടുത്തു പെട്ടി സൈഡ് ആക്കി നേരെ വാഷ്‌റൂമിലേക്ക്..
കുളിച്ചെന്നു വരുത്തി തിരിച്ചു വരുമ്പോൾ കിച്ചണിൽ കുറച്ചുപേർ ഭക്ഷണം പാകം ചെയ്യുന്നുണ്ട്.. വേറെ കുറച്ചുപേർ എവിടെയോ പോകാനൊരുങ്ങുന്നുണ്ട്. വേറൊരാൾ കുട്ടിയെ നാട്ടിലേക്ക് വിളിക്കുന്നുണ്ട്.. കേട്ടിട്ട് മലയാളമാണ്.. സമാധാനമായി.. മലയാളിയായിട്ട് ഒരാളെങ്കിലുമുണ്ടല്ലോ..
Hai.. what is your name ?
മാളവിക..
അത് കേട്ടപ്പോ ഹായ് മാളവിക എന്ന് വിളിച്ചു എല്ലാവരും ഷേക്ക് ഹാൻഡ് തന്നു..
ഈ നട്ടപ്പാതിരയ്ക്ക് ഇവർ എവിടേക്കാണെന്നു ചോദിക്കണമെന്നുണ്ടെങ്കിലും ദുബായ് അല്ലെ.. ഇവിടെ ഇങ്ങനെയൊക്കെ ആവുമെന്ന് കരുതി ഒന്നും മിണ്ടിയില്ല..
മാളവിക നാട്ടിലെവിടെയാണെന്ന് മലയാളി ചേച്ചി.
ഞാൻ തൃശൂരാണ് ചേച്ചി.. ചേച്ചിയോ..
ഞാൻ കോട്ടയം.. ചേച്ചിയുടെ പേരെന്താ ?
ഞാൻ മീര..
ബാക്കി എല്ലാരും ഹിന്ദിക്കാരാണോ..
ഏയ്.. വേറൊരു കോഴിക്കോട്കാരിയുണ്ട്.. ഭാവന..നാട്ടിൽ പോയേക്കുവാ.. ആന്ധ്രാക്കാരും നേപ്പാളികളുമാണ് പിന്നെയുള്ളത് .. നല്ല ആൾക്കാരാണ്..
ഓ സമാധാനമായി..
എന്നാ പിന്നെ ഉറങ്ങിക്കോ.. ബാക്കി നാളെ സംസാരിക്കാം.. യാത്ര ക്ഷീണം ഉണ്ടാവും..
ശരി ചേച്ചി…
ഭക്ഷണം കഴിച്ചോ ?
വരുന്ന വഴിക്ക് കഴിച്ചു.. എന്നും പറഞ്ഞു കൊണ്ട് വന്ന പുതപ്പും മൂടി കിടന്നുറങ്ങി..
എന്തൊക്കെയോ തട്ടും മുട്ടും കേൾക്കുന്നുണ്ട്.. എന്നാലും ക്ഷീണം കാരണം കണ്ണ് തുറക്കാൻ പോലും പറ്റുന്നില്ല..
രാവിലെ എണീറ്റപ്പോൾ കുറച്ചുപേർ മുറിയിലുണ്ട്.. ഒരാൾ വാഷ്‌റൂമിലും..
ഫോൺ എടുത്തു നോക്കി എല്ലാര്ക്കും മറുപടി കൊടുത്തു.. കൂടെ എയർപോർട്ടിൽ നിന്നും കിട്ടിയ സിം എടുത്തു ഇട്ടു ആക്റ്റീവ് ആക്കി വാട്സാപ്പും എടുത്തു.. അങ്ങനെ എനിക്കും കിട്ടി ഒരു ദുബായ് നമ്പർ.. ഇത് വച്ചിട്ട് വേണം ബിയോഡേറ്റ ചെയ്യാൻ..
വാഷ്‌റൂമിൽ പോയി കുളിച്ചു തിരിച്ചു വന്നപ്പോ മീര ചേച്ചി മാഗ്ഗിയുണ്ടാക്കുന്നുണ്ട്.. ഒരു പ്ലേറ്റ് എനിക്കും തന്നു കഴിക്കാൻ പറഞ്ഞു.. കൂടെ ചൂട് ചായയും ..
നാട്ടിലെ വിശേഷങ്ങൾ ചോദിച്ചു.. ചായക്കടയൊക്കെ ഉള്ള ആളാണെങ്കിൽ സ്പെഷ്യൽ ഐറ്റംസ് ഒക്കെ ഉണ്ടാക്കി തരണമെന്നും പറഞ്ഞു..
ചേച്ചിയുടെ വിശേഷങ്ങൾ ചോദിച്ചപ്പോഴൊന്നും അങ്ങോട്ട് വിട്ടു പറയുന്നില്ല. ഞാൻ ചോദിക്കാനും പോയില്ല.. എന്നാലും പ്രതീക്ഷിക്കാതെ മാഗിയും ചായയും കിട്ടിയപ്പോ സന്തോഷായി..
പെട്ടിയിൽ നിന്നും ഓരോ സാധനങ്ങളും ഡ്രെസ്സുകളുമെടുത്ത് കബോർഡിൽ വച്ചു. ബാഗിൽ നിന്നും ലാപ്ടോപ്പെടുത്തു കമ്പനികൾ അന്വേഷിക്കാൻ തുടങ്ങി.. ഉച്ചക്കുള്ള ഭക്ഷണം കഴിച്ചില്ല.. പകരം ചേച്ചി രാവിലെ തന്ന പാർലെ ജി ബിസ്ക്കറ്റ് കഴിച്ചു വെള്ളം കുടിച്ചു വിശപ്പടക്കി..
ആദ്യത്തെ രണ്ടു ദിവസം റൂമിലാണെങ്കിലും മൂന്നാമത്തെ ദിവസം ഉള്ള ധൈര്യം സംഭരിച്ചു ഒറ്റയ്ക്കു മെട്രോയിൽ പോയി വന്നു. കുറേ മനുഷ്യരെ കണ്ടു.. അതിൽ കുറച്ചൊക്കെ എന്നെ പോലെ ജോലി നോക്കി ഇറങ്ങിയതാണ്.. ആരുടെ മുഖത്തും ഒരു സന്തോഷമില്ല. അവരോടൊക്കെ സമയാവുമ്പോ കിട്ടും എന്ന് പറയണമെന്നുണ്ട് പക്ഷെ ഭാഷ അറിയില്ലല്ലോ.. ആദ്യത്തെ ദിവസം നോൾ കാർഡ് വാങ്ങി ഓരോ സ്റ്റോപ്പിന്റെ പേരുകളും നോക്കി വച്ചു. അതിനിടയിലാണ് കേട്ട് പരിചയമുള്ള കറാമയും ബുർജ് ഖലീഫയും ബുർജ് അൽ അറബുമൊക്കെ കണ്ടത്.. ഇവിടെയൊക്കെ ഒരു വരവ് കൂടി വരുന്നുണ്ട്. ഒറ്റയ്ക്കല്ല..അച്ഛനെയും അമ്മയെയും കൂട്ടി.. തിരിച്ചു റൂമിലെത്തി എന്തൊക്കെയോ കഴിച്ചെന്നു വരുത്തി വെയിൽ കൊണ്ട ക്ഷീണം കാരണം കുറച്ചു നേരം ഉറങ്ങി..
വൈകുന്നേരമായപ്പോ വെറുതെ ഒന്ന് താഴേക്ക് ഇറങ്ങി.. ലിഫ്റ്റിറങ്ങിയാൽ മുഴുവൻ കടകളാണ് ചുറ്റും. അതും നല്ല തിരക്കും.. എങ്ങോട്ട് നടക്കണം എന്ന ചിന്തയിൽ നിൽക്കുമ്പോഴാണ് മീര ചേച്ചി ഒരു കാറിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടത്..
ഹാ മാളവിക.. എങ്ങോട്ടാ ?
ഏയ് ഞാൻ വെറുതെ സ്ഥലമൊക്കെ കാണാൻ ഇറങ്ങിയതാ..
എന്നാൽ വാ നമുക്കൊരു ചായ ഒക്കെ കുടിച്ചിട്ട് വരാം..
ആഹാ.. ഇവിടെയും ചായ ആസ്ഥാന പാനീയം ആണെന്ന് അപ്പോഴാണ് മനസിലായത്.. നേരെ ഒരു ചായക്കടയിൽ പോയി സീറ്റ് പിടിച്ചു..
കഴിക്കാൻ എന്താ വേണ്ടത്..
എന്തായാലും കുഴപ്പമില്ല..
ഒരു ഫലാഹിൽ റോൾ കഴിച്ചോ.. കഴിച്ചില്ലല്ലോ അതൊന്നും..
ഏയ് ഇല്ല..
എന്നാ അതിൽ നിന്നും തുടങ്ങാം നമുക്ക്..
ചായ വന്നു പറഞ്ഞ സാധനവും വന്നു.. നല്ല ഹെവിയായിരുന്നു.. എന്നാലും കഴിച്ചു തീർത്തു.. ചേച്ചി തന്നെ പൈസയും കൊടുത്തു..
തിരിച്ചു മുറിയിൽ വന്നപ്പോൾ ഉറങ്ങുന്നവരൊക്കെ എഴുന്നേറ്റു.. ചേച്ചിയാണേൽ കുളിച്ചു വീണ്ടും പുറത്തു പോവാൻ നിൽക്കുകയാണ്..
അല്ല ചേച്ചി ഇവർക്കൊക്കെ ജോലി നൈറ്റ് ഷിഫ്റ്റ് ആണോ..
എന്താ അവരുടെ കൂടെ പോവണോ ?
ഏയ്.. എവിടേക്ക്.. ഇവർ ജോലിക്ക് പോകുന്നതല്ലേ..
അതും ഒരു ജോലിയാണെന്ന് പറഞ്ഞപ്പോ പുറത്തൊരു കാളിങ് ബെൽ..
റൂം ഓണറാണ്.. വേഗം പഴ്സിൽ നിന്നും വാടക കൊണ്ട് കൊടുത്തപ്പോൾ എന്തേലും ആവശ്യമുണ്ടേൽ വിളിക്കാൻ മടിക്കേണ്ടെന്നും പറഞ്ഞു എനിക്ക് നമ്പർ തന്നു മിസ് അടിക്കാൻ പറഞ്ഞു.. ആദ്യായിട്ട് വരുന്നവർക്ക് ഇങ്ങനൊക്കെ സഹായം ചെയ്യുന്നതൊക്കെ വല്യ കാര്യമല്ലേ എന്നും വിചാരിച്ചു നമ്പറും കൊടുത്തു തിരിച്ചു മുറിയിലേക്ക് വന്നു..
ആദ്യത്തെ ഒരാഴ്ച ഭക്ഷണം തോന്നിയ പോലെ കഴിച്ചെങ്കിലും അടുത്തയാഴ്ച സൂപ്പർ മാർക്കറ്റിൽ പോയി കുറച്ചു സാധനം വാങ്ങി സ്വന്തമായിട്ട് പാചകം ചെയ്യാൻ തുടങ്ങി. മീര ചേച്ചിയെ പിന്നെ വീക്കെൻഡിലൊന്നും കാണാനേ ഇല്ല.. ഇടയ്ക്ക് വൈകുന്നേരം വന്നാൽ നാട്ടിൽ മകനോട് സംസാരിക്കുന്നത് കാണാം.. ഒരു ദിവസം കുട്ടി “എപ്പഴാ ‘അമ്മ വരണേ” എന്ന് ചോദിച്ചപ്പോൾ ‘അടുത്ത മാസം തന്നെ ‘അമ്മ വരാം ടോയ് ആയിട്ട്’ എന്ന് പറഞ്ഞു സമാധാനിപ്പിക്കുന്നത് കേട്ടു.. എന്താ ല്ലേ.. ഇത്രേം ചെറിയ മകനെ നാട്ടിൽ നിർത്തിയിട്ടാണ് ‘അമ്മ ഇവിടെ വന്നു ജോലി ചെയ്യുന്നത്..
ഇങ്ങനെയോരോന്നാലോചിച്ചിരിക്കുമ്പോഴാണ് അമ്മയുടെ വിളി.. ഇവിടെ നടന്നതും പരിചയപെട്ടവരെയും അങ്ങനെ എല്ലാ കഥയും പറഞ്ഞു കൊടുത്തു.. അമ്മയോട് ചോദിച്ചപ്പോ നാട്ടിൽ രാമൻ മാഷ് പോയി.. ആള് കുറെ കാലമായിട്ട് കിടപ്പിലായിരുന്നു.. അവരുടെ വീട്ടിലായിരുന്നു പണ്ട് പത്രം വാങ്ങാൻ പോയത്.. അപ്പൊ അവരുടെ മക്കൾ ഇവിടെ ദുബായിലായിരുന്നു.. ഓരോ ദിവസം പോകുമ്പോഴും മാഷ് ദുബായ് മിട്ടായി തരും.. അത് കഴിച്ച് കഴിച്ചാണോ ഇനി ദുബായ് എത്തിയത് എന്നത് പോലും സംശയിക്കേണ്ടി ഇരിക്കുന്നു..
അങ്ങനെയിരിക്കുമ്പോഴാണ് വാട്സാപ്പിൽ ഒരു ഹായ് വരുന്നത്..
പേര് നോക്കിയപ്പോ രാജു റൂം ഓണർ..
ഇയാളെന്തിനാ എനിക്ക് ഹായ് അയക്കുന്നത്.. എന്നാലും തിരിച്ചൊരു ഹായ് അയച്ചു..
How are you.. റൂം ഓക്കേയല്ലേ എന്നാണു ചോദ്യം.. എല്ലാം ഓക്കേ ആണ് താങ്ക്യൂ പറഞ്ഞപ്പോ എന്ത് ആവശ്യമുണ്ടെങ്കിലും പറയാൻ മടിക്കേണ്ട എന്നും പറഞ്ഞു ഗുഡ് നൈറ്റ് അടിച്ചു പോയി.. ഇവരൊക്കെ എത്ര നല്ല ആൾക്കാരാണെന്നാ ഒരൊറ്റ മെസ്സേജിൽ തോന്നി പോയി..
ഒരാഴ്ച കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞു ഞാൻ കാണുന്ന ജോലിയിലൊക്കെ കയറി അപ്ലൈ ചെയ്യും.. ചിലപ്പോ കൺസൾട്ടൻസി വിളിക്കും അല്ലേൽ ഏതേലും ക്രെഡിറ്റ് കാർഡ് ആൾക്കാർ. അതിനിടയിൽ ഒരു കോൾ വന്നു അതാണേൽ ഇവിടെ അഞ്ചു വർഷത്തെ എക്സ്പീരിയൻസ് വേണം.. ഞാൻ ഫ്രെഷർ ആണെന്ന് പറഞ്ഞപ്പോ നോക്കിയിട്ട് പറയാം എന്നും പറഞ്ഞു.. അങ്ങനെ ആദ്യത്തെ ഒരു ഇന്റർവ്യൂ സെറ്റാവാൻ പോകുന്നു..
ആ സന്തോഷം ആരോടെങ്കിലും പറയാൻ നിൽക്കുമ്പോഴാണ് വൈകുന്നേരം ചേച്ചി വന്നത്.. ആദ്യമൊക്കെയൊന്നും തോന്നിയില്ലെങ്കിലും പിന്നീട് നടത്തിലും ഭാവത്തിലും എന്തോ പന്തികേട് തോന്നി.
എന്താ ചേച്ചി പറ്റിയത്..
“Mind your business.. okay.. ” എന്നും പറഞ്ഞു നേരെ നിക്കാൻ പോലും പറ്റാത്ത കോലം..
ദൈവമേ ചേച്ചി നാല് കാലിലാണല്ലോ. ഈ ചേച്ചിയോടാണോ ഞാൻ ഇന്റർവ്യൂ കാര്യം പറയേണ്ടത്..
ചേച്ചി വേഗം ബെഡിൽ പോയിരുന്ന് വോയിസ് മെസ്സേജ് അയക്കുവാണ്..
“എന്റെ സർവീസ് ഒരു മണിക്കൂറാണ്.. നിങ്ങൾ പറയുന്നതൊക്കെ ഞാൻ ചെയ്തു തന്നിട്ടുണ്ട്.. പക്ഷെ ഇപ്പൊ എന്നെ ഒഴിവാക്കിയത് എന്തിനാണെന്ന് എനിക്കിപ്പോ അറിയണം..”
എനിക്ക് ആകെ പേടിയായി.. ആകെ മിണ്ടുന്നതു ആ ചേച്ചിയോടാണ്.. അവർ എന്തോ സർവീസ് എന്നൊക്കെ പറയുന്നുണ്ട് ഇനി എന്തേലും ക്ലീനിംഗോ ഹോം മൈഡോ ആവോ അറിയില്ല എന്ന് ആലോചിക്കുമ്പോഴാണ് അടുത്ത വോയിസ്..
“താങ്കൾ വിചാരിക്കുന്ന പോലെ ചീപ്പ് അല്ല ഞാൻ.. എനിക്കും വീട്ടിൽ ഭർത്താവും കുട്ടികളും ഉള്ളതാണ് അവർക്കുള്ള ചിലവിനുള്ള പൈസ കഴിഞ്ഞ ആറുമാസമായി നിങ്ങളാണ് തന്നത്..നിങ്ങളുടെ വെപ്പാട്ടിയെ പോലെ കൂടെ നടന്നിട്ട് ഇപ്പൊ പുതിയ ഒരുത്തിയെ കിട്ടിയപ്പോ എന്നെ ഒഴിവാക്കിയെങ്കിൽ അതിനുള്ളത് ദൈവം തന്നോളും.. ഇനി എന്നെ വിളിക്കരുത്…”
ദൈവമേ എന്തൊക്കെയാ ഈ പറയണേ.. അവിടെ ഒരു ഭർത്താവ് ഇവിടെ ഒരു ഭർത്താവ്.. ചേച്ചി ശരിയല്ലല്ലോ.. അതാണല്ലേ ചോദിച്ചപ്പോ ഒരു പന്തികേട് തോന്നിയത്.. ചേച്ചി ഓഫ് ആണ്.. സംസാരം ഒക്കെ കുഴഞ്ഞു പോകുന്നുണ്ട്.. അതിനിടയിൽ മുറിയിലുള്ളവരെ വഴക്ക് പറയുന്നുണ്ട്.. സംഭവം കയ്യിന്ന് പോയി.. എനിക്കാണെങ്കിൽ ഇതൊക്കെ കണ്ടിട്ട് തല കറങ്ങുവാണ്..
ഒന്നും അറിയാത്ത പോലെ ബെഡിൽ നിന്നും ഇറങ്ങി അടുക്കളയിൽ പോയി ഭക്ഷണം കഴിച്ചു വന്നു കിടന്നുറങ്ങി..
ഓരോന്നാലോചിച്ചു കിടന്നിട്ടാണെന്നു തോന്നുന്നു രാവിലെ നല്ല തലവേദന.. കൂടെ പനിയും.. നേരെ വാഷ്‌റൂമിൽ പോയി മുഖം കഴുകി വന്നപ്പോ..ചേച്ചി എഴുന്നേറ്റു വന്നിട്ടുണ്ട്..
ഇന്നലെ കുറച്ചു ഓവറായി പോയല്ലേ.. സോറി.. ആ ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ ചെയ്തപോയി..
എന്താ പറ്റിയത്..
ഏയ് ഒന്നും ഇല്ല.. എന്നും പറഞ്ഞു നേരെ വാഷ്‌റൂമിലേക്ക് പോയി..
എനിക്കാണേൽ ഇന്നലെ വിളിച്ചവരുടെ മറുപടി ഒന്നും വന്നില്ല.. പതിവ് പോലെ ഇന്റർവ്യൂ അപ്ലൈ ചെയുന്നുണ്ട്.. രാവിലെ രാത്രിയാവുന്നുണ്ട്.. ദിവസങ്ങൾ ഇങ്ങനെ കടന്നു പോകുന്നുണ്ട്.. അങ്ങനെ ഇരിക്കെ അടുത്ത ഹായ് വന്നു.. ഫ്രം രാജുവേട്ടൻ..
“How are you?”
“I’m okay.”
“What doing?”
“Nothing… in room.”
“You alone?”
“Yes.”
“Married?”
“No.”
“Oh… okay.”
“You need anything, tell me… no problem.”
“Okay…”
“Tomorrow free ah?”
“Why?”
“We go outside… dinner… drive…”
“No, it’s okay.”
“Don’t worry… I take care of you.”
ചെറ്റ പട്ടി. ഇവനൊക്കെ എന്താ വിചാരിച്ചിരുന്നത്..
ചേച്ചി…!!
എന്താ മാളവിക..
ഇത് നോക്കിയേ.. എന്നും പറഞ്ഞു ഞാൻ കരയാൻ തുടങ്ങി.. ബാക്കി ഉള്ളവർക്കൊന്നും മനസിലായില്ല..
അവരൊക്കെ “ക്യാ ഹുവാ” എന്നൊക്കെ ചോദിക്കുന്നുണ്ട്..
ചേച്ചി നോക്കിയപ്പോ തന്നെ സില്ലി ആയിട്ട്.. ഇത്രേ ഉള്ളൂ.. ഇതിനാണോ കിടന്നു കരയുന്നത്..
അപ്പൊ ഇതൊന്നും ചെറ്റത്തരം അല്ലെ…
എന്ത് ചെറ്റത്തരം.. ഇവിടെ ഉള്ള ഞാനും നീയും ഒഴികെ ഉള്ളവരൊക്കെ ഈ പണി തന്നെയാണ് ചെയുന്നത്.. പിന്നെ ആദ്യായിട്ട് വന്നത് കൊണ്ട് പറയേണ്ടെന്നു വച്ചു..
ചേച്ചി…
വേഗം നല്ലൊരു ജോലി കിട്ടി രക്ഷപ്പെട്ടോളൂ.. അല്ലേൽ അവൻ നിന്നെയും അവരുടെ കൂടെ കൂട്ടികൊണ്ടുപോവും…
കേട്ടപ്പോൾ തന്നെ ശരീരം മരവിച്ചു.. ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ… അയ്യേ.. ഇങ്ങനൊക്കെ ചെയ്യാനാണോ പെണ്ണുങ്ങൾ ഇങ്ങോട്ട് കെട്ടിയെടുക്കുന്നത്.. അല്ല ഈ ചേച്ചി എന്താ പറയുന്നത്.. ചേച്ചിയുടെ വോയിസൊക്കെ അന്ന് ഞാൻ കേട്ടതാണ്.. അതൊന്നും ചേച്ചിക്ക് ഓർമയില്ല..
പുതപ്പിന്റടിയിൽ നിന്നും കുറേ കരഞ്ഞു.. പെട്ടെന്ന് തന്നെ ഇവിടുന്ന് രക്ഷപ്പെടണം.. ജോലി നേടണം.. അച്ഛൻ ‘അമ്മ കുട്ടൻ എല്ലാരേയും എനിക്ക് രക്ഷപെടുത്തണം..
ഫോൺ എടുത്തു ആ ജന്തുവിനെ ആദ്യം ബ്ലോക്ക് ചെയ്തു.. ഇനി മുന്നിലുള്ളത് രണ്ടാഴ്ചയാണ്.. ഇന്ന് തന്നെ ഇരുന്നു കഷ്ടപ്പെട്ട് അപ്ലൈ ചെയ്യണം.. അതിപ്പോ എത്ര ചെറിയ ജോലി ആണെങ്കിലും കയറി പറ്റണം..
എന്തോ ഭാഗ്യത്തിന് രണ്ടു ഇന്റർവ്യൂ സെറ്റായി.. റൂമിലിരിക്കണം എന്ന ചിന്തയേ ഇല്ല.. ഉറങ്ങാൻ വേണ്ടി മാത്രമുള്ളൊരു സ്ഥലം പോലെയായി.. അതൊക്കെ കേട്ടതിൽ പിന്നെ എനിക്കെന്തോ ബാക്കിയുള്ളവരുടെ മുഖത്ത് പോലും നോക്കാൻ തോന്നുന്നില്ല..
ആദ്യത്തെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു.. പറഞ്ഞ സാലറി ആണെങ്കിൽ വളരെ കുറവും.. അവിടെയാണേൽ ഒരാഴ്ചക്കുള്ളിൽ കയറണം.. അപ്പോഴണ് അടുത്ത ഇന്റർവ്യൂ വന്നത്.. അതിനു ഒരു കോട്ട് വാങ്ങണം എന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്.. എനിക്കാണെങ്കിൽ ഇവിടുത്തെ സ്ഥലമൊന്നും അറിയില്ല.. മീര ചേച്ചിയെ വിളിച്ചപ്പോ “നിനക്ക് വാങ്ങണമെങ്കിൽ നീ പോയി വാങ്ങണം അല്ലാതെ എന്നെ വിളിക്കേണ്ട” എന്നും പറഞ്ഞു.
അത് കേട്ടപ്പോ പെട്ടെന്ന് ദേഷ്യവും സങ്കടവും വന്നു.. രണ്ടും കൽപ്പിച്ചു റൂമിൽ നിന്നും പുറത്തിറങ്ങി. ഓരോന്ന് ആലോചിച്ചിട്ട് എനിക്കാണേൽ കരച്ചിൽ നിർത്താൻ പറ്റുന്നില്ല.. കാരണം കൂടെയുള്ള ചേച്ചി തന്നെ അങ്ങനെയൊക്കെ പറയുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല.. മെട്രോ കേറി പോയി ഏതോ സ്റ്റേഷനിൽ ഇറങ്ങി ഭാഷ പോലും അറിയാത്ത ഞാൻ നടന്നു നടന്നു ഒരു ഡ്രസ്സ് കടയിലെത്തി..നല്ലൊരു കോട്ടും വാങ്ങി നേരെ റൂമിലെത്തി..
പതിവ് പോലെ അമ്മയെ വിളിച്ചു ഇവിടെയെല്ലാം ഓക്കേയാണെന്ന് അഭിനയിക്കും. കാരണം എന്തിനാണ് അവരെ കൂടി സങ്കടപെടുത്തുന്നത് എന്നൊരു തോന്നൽ. വന്ന സ്ഥലം ഇത്ര മോശമാകും എന്നൊരിക്കലും കരുതിയില്ല..
ഇപ്പോൾ ആകെയുള്ള ഒറ്റ മൈൻഡ്.. ഇവിടുന്നു രക്ഷപ്പെടണം.. !!
പിറ്റേന്ന് രാവിലെ തന്നെ കോട്ടും ഇട്ട് ഇന്റർവ്യൂന് പോവാനിറങ്ങി. ഒരു ഓൾ ദി ബെസ്റ്റ് പറയാൻ പോലും ആരുമില്ല.. എന്നാലും ഇറങ്ങുമ്പോ കണ്ണാടി നോക്കി ഞാൻ എന്നോട് തന്നെ “മാളു.. ഓൾ ദി ബെസ്റ്റ്..” പറഞ്ഞു പുറത്തേക്കിറങ്ങി.. അതിനിടയിൽ ആദ്യത്തെ ഇന്റർവ്യൂ കഴിഞ്ഞ കമ്പനി വിളിച്ചു ഇന്ന് തന്നെ ഓഫർ ലെറ്റർ ഒപ്പിട്ടിട്ട് അയക്കാനും പറഞ്ഞു.. വേറെ ഒന്നും ശരിയായില്ലെങ്കിൽ മിക്കവാറും ഈ ചെറിയ ശമ്പളത്തിന് കയറേണ്ടി വരും എന്ന ചിന്ത മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ട്.. എന്നാലും ഇന്നത്തേത് നല്ലതാവാൻ മെട്രോയിൽ കയറി സകല ദൈവങ്ങളെയും വിളിച്ചു കൂടെ എന്റെ സ്വന്തം കൃഷ്ണനെയും..
ഇന്റർവ്യൂ പറഞ്ഞ സമയത്ത് തന്നെ സ്ഥലത്തെത്തി.. വലിയൊരു സ്കൂളാണ്. അവിടെ അഡ്മിൻ പോസ്റ്റ്.. കിട്ടും എന്ന് ഒരുറപ്പും ഇല്ല.. എന്നാലും കിട്ടിയാൽ കിട്ടി പോയാ പോയി.. ഇനി കിട്ടിയില്ലേൽ മറ്റേ ഓഫർ ലെറ്റർ സൈൻ ചെയ്തയക്കണം മനസ്സിലെ ചിന്ത മുഴുവൻ അതായിരുന്നു .
നാട്ടിലെ പോലെ തന്നെ വലിയ സ്കൂൾ. മുന്നിൽ നിറയെ സ്കൂൾ ബസ്സുകൾ.. നേരെ റിസെപ്ഷനിലെത്തി ഇന്റർവ്യൂ കാർഡ് കൊടുത്തു..
എന്നോട് കാത്തിരിക്കാൻ പറഞ്ഞു..
അറബി ഡ്രെസ്സിലും സാരിയിലും ഓരോ സ്റ്റൈലിലും ഒരുപാട് ആൾക്കാരെ കണ്ടു.. അതിൽ ഒരാൾ വന്നു എന്നെ അകത്തൊരു ഓഫീസിലേക്ക് കൂട്ടി കൊണ്ട് പോയി.
സംസാരിച്ചു. ചോദ്യങ്ങൾക്കൊക്കെ ഉത്തരം പറഞ്ഞു.. കമ്പ്യൂട്ടറിൽ എക്സൽ വച്ചൊരു ഫയൽ ചെയ്യാൻ പറഞ്ഞു..
പണ്ട് അയൽവാസി രാഹുലേട്ടനാണെന്നെ എക്സൽ പഠിപ്പിച്ചത്.. ഒരു നിമിഷം ഗുരുവിനെ മനസ്സിൽ ധ്യാനിച്ച് പഠിപ്പിച്ച പാഠങ്ങൾ അത് പോലെ പകർത്തിയെടുത്തു തന്ന ടാസ്ക് ചെയ്തു കാണിച്ചു കൊടുത്തു..
ടാഗിൽ പേരിന്റെ കൂടെയുള്ള പോസ്റ്റിങ്ങ് വായിച്ചപ്പോഴാണ് അത് അസിറ്റന്റ് എച്ച് ആർ ആണെന്ന് മനസിലായത്..
അടുത്ത റൌണ്ട് മാനേജരുടെ റൂമിലേക്കാണ്.. അതിനു മുന്നേ എത്രയാ സാലറി എക്സ്പെറ്റേഷൻ എന്ന് ചോദിച്ചു..
ഇവിടെ വന്നാൽ ഫ്രഷർക്ക് കിട്ടുന്നതാണെന്നു പറഞ്ഞു കേട്ട 2500 പറഞ്ഞു..
‘നീ നന്നായി പെർഫോം ചെയ്തിട്ടുണ്ട്’ അതുകൊണ്ട് ധൈര്യായിട്ട് 5000 പറയാമെന്ന് ആ അസിസ്റ്റന്റ് പറഞ്ഞു..
5000 എന്ന് കേട്ടപ്പോ നാട്ടിലെ ഒരു ലക്ഷം ആണെന്ന് കണക്ക് കൂട്ടി. എന്നെ കൊണ്ട് ഇതൊക്കെ ശരിക്കും നടക്കുമോ എന്ന് പോലും ഒരു നിമിഷം ചിന്തിച്ചു പോയി. സർവ ശക്തിയുമെടുത്തു നേരെ മാനേജർ റൂമിലേക്ക് നടന്നു
കാര്യങ്ങൾ ബോധ്യമായി.. നേരത്തെ കണ്ട അസിസ്റ്റന്റ് എനിക്ക് വേണ്ടി സംസാരിച്ചു.. സാലറി ചോദിച്ചപ്പോ പറഞ്ഞു തന്ന പോലെ തന്നെ പറഞ്ഞു.. നാളെ തന്നെ വന്നു ജോയിൻ ചെയ്യാൻ പറ്റുമോ ചോദിച്ചു..
എന്ത് കൊണ്ടോ എനിക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല.. ഓക്കേ പറഞ്ഞു ഓഫർ ലെറ്റർ കണ്ടപ്പോഴാണ് ഞാൻ ഞെട്ടിയത്.. സാലറി 5000, അത് കണ്ടപ്പോ തന്നെ കയ്യൊക്കെ വിറച്ചു.. താമസിക്കാൻ കമ്പനി റൂം.. കൂടെ വർഷത്തിൽ നാട്ടിലേക്ക് ടിക്കെറ്റ്.. പിന്നെ ശനി ഞായർ ലീവ് കൂടെ വർഷത്തിൽ രണ്ടു മാസം ലീവ്.. ഈ സമയത്ത് ഇങ്ങനെയൊക്കെ നടക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല.. എന്നാലും ഒപ്പിട്ടു കൊടുത്തു തിരിച്ചു വരുമ്പോൾ ആ അസ്സിസ്റ്റന്റിനോട് നന്ദിയും പറഞ്ഞു.
ഒരുപാട് കഷ്ടപ്പാടിന് ശേഷം ആദ്യമായി മനസ്സ് ഒന്ന് ശാന്തമായപ്പോൾ സന്തോഷം കൊണ്ട് തുള്ളി ചാടി. ആഗ്രഹം പോലെ മനസ്സിൽ ഒറ്റ ചിന്തയായിരുന്നു. എങ്ങനേലും ഒരു ജോലിയിൽ കയറണം. അത് നടന്നു. അതും ആഗ്രഹിച്ചതിലും പതിമടങ്ങ് ശമ്പളത്തിൽ..
തിരിച്ചു മെട്രോ കയറുമ്പോ ഞാൻ പോലുമറിയാതെ കണ്ണ് നിറയുന്നുണ്ടായിരുന്നു. മെട്രോയിലെ വൈഫൈയിൽ അമ്മയെ വിളിച്ചിട്ട് കിട്ടുന്നില്ല.. എനിക്കാണേൽ ആരോടേലും ഇത് പറയണം.. ഞാൻ വിളിച്ചുകൊണ്ടേ ഇരുന്നു.. ‘അമ്മ ഫോണെടുത്തു.. “അമ്മേ.. അമ്മയുടെ മോൾക്ക് ജോലി കിട്ടി ട്ടാ.. അതും സ്വപ്നം കണ്ട അതേ ജോലി.. ബാക്കി ഞാൻ റൂമിലെത്തിയിട്ട് വിളിക്കാം അച്ഛനോടും കുട്ടനോടും മാമനോടും പറയണേ…” എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു.
മെട്രോ ഇറങ്ങിയപ്പോ നല്ല വിശപ്പുണ്ട്… ഇന്നലെ വരെ താഴോട്ട് നോക്കി നടന്ന ഞാൻ ഇപ്പൊ നേരെ നോക്കി നടക്കാൻ തുടങ്ങി.. നേരെയൊരു റെസ്റ്റാറ്റാന്റിൽ കയറി രാവിലെ അത്രയും സ്നേഹത്തോടെ കണ്ണാടിയിലൂടെ ‘ഓൾ ദി ബെസ്റ്റ്’ പറഞ്ഞ എന്റെ സ്വന്തം എനിക്ക് തന്നെ ഞാനൊരു ഫുൾ ബിരിയാണി വാങ്ങി കൊടുത്തു മനസ്സ് നിറച്ചു..
റൂമിലെത്തി ഒരാഴ്ച ഭക്ഷണം തന്നതിന്റെ പേരിൽ ചേച്ചിയോട് മാത്രം നന്ദി പറഞ്ഞു റൂം ഓണറെ പോലും അറിയിക്കാതെ പെട്ടിയും കിടക്കയും എടുത്തു നേരെ പുതിയ റൂമിലേക്ക്..പുതിയ ജീവിതത്തിലേക്ക്..